കെ സി ഷീബ ചെയര്‍പേഴ്‌സണ്‍; കെ ആയിഷാബി ഉപാധ്യക്ഷ

കൊണ്ടോട്ടി: നഗരസഭയില്‍ പുതിയ ചെയര്‍പേഴ്‌സണായി മുസ്്‌ലിംലീഗിലെ കെ സി ഷീബയേയും വൈസ് ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ്സിലെ കെ ആയിഷാബിയേയും തിരഞ്ഞെടുത്തു. വോട്ടൊടുപ്പില്‍നിന്ന് എസ്ഡിപിഐ അംഗം വിട്ടുനിന്നു.
തിങ്കളാഴ്ച രാവിലേയും ഉച്ചയ്ക്കുമായാണ് തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി മലപ്പുറം രജിസ്ട്രര്‍ കെ ശ്രീനിവാസന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യുഡിഎഫ് ഭരണസമിതി നിലവിലുള്ള കൊണ്ടോട്ടിയില്‍ നഗരസഭാ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ സി കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ മുസ്്‌ലിംലീഗിലെ പാലക്കല്‍ ഷറീന എന്നിവര്‍ കഴിഞ്ഞ 30ന് രാജി നല്‍കിയതോടെയാണു പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ്സും മുസ്്‌ലിംലീഗും യോജിച്ച് യുഡിഎഫ് ആയതോടെയുണ്ടാക്കിയ ധാരണപ്രകാരമാണ് ആറ് മാസത്തിന് ശേഷം ചെയര്‍മാന്റെയും വൈസ് ചെയര്‍പേഴ്‌സണിന്റെയും രാജി. നഗരസഭയിലെ 40 അംഗ വാര്‍ഡില്‍ മുസ്്‌ലിംലീഗിന് പതിനെട്ടും കോണ്‍ഗ്രസിന് ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ 11 കൗണ്‍സിലര്‍മാരുമുണ്ട്. ഇടതുമുന്നണിക്ക് 10, എസ്ഡിപിഐക്ക് ഒരു കൗണ്‍സിലറുമാണുളളത്. ചെയര്‍മാന്‍ സ്ഥാനം എസ്ഇ സംവരണവും, വൈസ് ചെയര്‍മാന്‍ വനിതാ സംവരണവുമായിരുന്നു. മുസ്്‌ലിംലീഗില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്ഇ സംവരണത്തില്‍ പുരുഷന്മാരില്ലാത്തതിനാലാണ് നഗരസഭയിലെ 30ാം ഡിവിഷന്‍ പാലക്കാപ്പറമ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ സി ഷീബയെ തിരഞ്ഞെടുത്തത്. സിപിഎമ്മിലെ കെ മനോജ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മനോജിന് 10 വോട്ടും ഷീബയ്ക്ക് 29 വോട്ടും ലഭിച്ചു. ഏക എസ്ഡിപിഐ അംഗം വി അബ്ദുള്‍ഹക്കീം തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. മുന്‍ നെടിയിരുപ്പ് ഗ്രാമപ്പഞ്ചയാത്ത് പ്രസിഡന്റാണ് കെ സി ഷീബ. കോണ്‍ഗ്രസില്‍ നേരത്തെ മതേതര വികസന മുന്നണിയായിരുന്നപ്പോള്‍ ദിവസങ്ങള്‍ മാത്രം ചെയര്‍പേഴ്‌സണായിരുന്ന കെ ആയിഷാബിയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയിലെ 18ാം വാര്‍ഡ് വാക്കത്തെടിയില്‍ നിന്നുള്ള കൗണ്‍സിലറാണ് ആയിഷാബി. ഇവര്‍ക്കെതിരേ സിപിഎമ്മിലെ പി പി സൗബിയ മല്‍സരിച്ചിരുന്നത്. ആയിഷാബിക്ക് 29 ഉം സൗബിയക്ക് 10 വോട്ടും ലഭിച്ചു.

RELATED STORIES

Share it
Top