കെ സി ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണംകണ്ണൂര്‍: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും സിപിഎം വിമര്‍ശകനുമായ കെ സി ഉമേഷ്ബാബുവിന്റെ വീടിനു നേരെ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ വീടിന്റെ സ്വീകരണമുറിയുടെ ജനലിലേക്ക് അജ്ഞാതര്‍ ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണു സംഭവം. ട്യൂബ് ലൈറ്റ് പൊട്ടിച്ചിതറിയെങ്കിലും ജനല്‍ച്ചില്ല് തകര്‍ന്നിട്ടില്ല. ഉമേഷ് ബാബുവും ഭാര്യയും ഐടി എന്‍ജിനീയറായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവസമയം ട്യൂബ് ലൈറ്റ് എറിഞ്ഞ ജനലിനോടു ചേര്‍ന്നുള്ള സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു അദ്ദേഹം.

ഈസമയം പുറത്ത് ഇരുചക്രവാഹനത്തിന്റെ ശബ്ദം കേട്ടിരുന്നതായി കെ സി ഉമേഷ്ബാബു പറഞ്ഞു. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ലാത്തതിനാല്‍ ആരുടെ പേരിലും ആരോപണം ഉന്നയിക്കുന്നില്ലെന്ന് ഉമേഷ് ബാബു പറഞ്ഞു. വര്‍ഷങ്ങളായി തനിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നതിന്റെ തുടര്‍ച്ചയാണ് ഇതെന്നു കരുതുന്നു. ആക്രമണങ്ങളെ അവഗണിക്കാനാണു താല്‍പര്യമെങ്കിലും അയല്‍വാസികളുടെയും മറ്റും നിര്‍ബന്ധ പ്രകാരമാണ് പോലിസില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ടൗണ്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പില്‍ നിന്നു വിരമിച്ച ഉമേഷ് ബാബു വീണ് തുടയെല്ല് പൊട്ടി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ഒരുകാലത്ത് സിപിഎം സഹയാത്രികനായ കെ സി ഉമേഷ്ബാബു ദീര്‍ഘകാലം പുരോഗമന കലാ സാഹിത്യ സംഘം നേതാവായിരുന്നു. എം എന്‍ വിജയന്‍ വിവാദസമയത്ത് പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായി സിപിഎം വിട്ട ശേഷം കടുത്ത വിമര്‍ശകനായിരുന്നു. പ്രസംഗങ്ങളിലും ചാനല്‍ചര്‍ച്ചകളിലുമെല്ലാം സിപിഎമ്മിനെതിരേ കടുത്ത ആക്രമണങ്ങളാണു നടത്താറുള്ളത്. നേരത്തേ ആര്‍എംപി നേതാവ് ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സമയത്തും പിന്നീടും കെ സി ഉമേഷ്ബാബുവിനു നേരെ ആക്രമണസാധ്യതയുണ്ടെന്നു പോലിസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അക്രമിസംഘം പിന്നാലെ കൂടിയതായും പോലിസ് റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലില്‍ കീഴാറ്റൂര്‍ വയല്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും സിപിഎം നിലപാടിനെതിരേ ഉമേഷ് ബാബു നിലപാടെടുത്തിരുന്നു.

RELATED STORIES

Share it
Top