കെ സി ഉമേഷ് ബാബുവിന്റെ വീടാക്രമണം: പ്രതികളെ തിരിച്ചറിഞ്ഞില്ല

കണ്ണൂര്‍: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും സിപിഎം വിമര്‍ശകനുമായ കെ സി ഉമേഷ്ബാബുവിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞില്ല. അന്വേഷണം ഊര്‍ജിതമാണെന്നും അക്രമം നടത്തിയവരെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്നും ടൗണ്‍ പോലിസ് പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ വീടിന്റെ സ്വീകരണമുറിയുടെ ജനലിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ ആറോടെ അജ്ഞാതര്‍ ട്യൂബ് ലൈറ്റ് വലിച്ചെറിഞ്ഞത്. ട്യൂബ് ലൈറ്റ് പൊട്ടിച്ചിതറിയെങ്കിലും ജനല്‍ച്ചില്ല് തകര്‍ന്നിട്ടില്ല. ഉമേഷ് ബാബുവും ഭാര്യയും ഐടി എന്‍ജിനീയറായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതേസമയം, കെ സി ഉമേഷ് ബാബുവിന്റെ വീടിന് നേരെ അതിക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തി പോലിസ് അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ആക്രമിക്കപ്പെട്ട വീട് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും സതീശന്‍ പാച്ചേനിയും സന്ദര്‍ശിച്ചു. വീടാക്രമിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള തുടര്‍നടപടികള്‍ അടിയന്തരമായി വേണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top