കെ ബി നസീമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കെ ബി നസീമയെ തെരഞ്ഞെടുത്തു. യുഡിഎഫ് ധാരണയനുസരിച്ച് കോണ്‍ഗ്രസ്സിലെ ടി ഉഷാകുമാരി രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷന്‍ മെംബറാണ് നസീമ. മുസ്‌ലിം ലീഗിലെ പി കെ അസ്മത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവില്‍ ഇന്നു തിരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ്സിലെ എ പ്രഭാകരനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ വരണാധികാരിയുമായ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികില്‍സ നേടിയ  സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നേക്ക് മാറ്റിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മീനങ്ങാടി ഡിവിഷനില്‍നിന്നുള്ള സിപിഎം മെംബര്‍ സി ഓമനയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഓമനയ്ക്ക് അഞ്ചും നസീമയ്ക്കു പത്തും വോട്ട് ലഭിച്ചു. കണിയാമ്പറ്റ ഡിവിഷനില്‍ നിന്നുള്ള മുസ്‌ലിം ലീഗ് മെംബര്‍ പി ഇസ്മയിലിന്റെ വോട്ട് അസാധുവായി. ബാലറ്റില്‍ ഗുണനചിഹ്നത്തിനു പകരം ഒപ്പിട്ടതാണ് വോട്ട് അസാധുവാകാനിടയായത്. ഭരണസമിതിയിലെ ജെഡിയു അംഗവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ അനില തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു.
ടി ഉഷാകുമാരിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നസീമയുടെ പേര് നിര്‍ദേശിച്ചത്. പി ഇസ്മയില്‍ പിന്താങ്ങി. ഓമനയുടെ പേര് പി എന്‍ വിമല  നിര്‍ദേശിച്ചു. ബിന്ദു മനോജ് പിന്താങ്ങി. 16 അംഗങ്ങളാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍. കോണ്‍ഗ്രസ് ആറ്, സിപിഎംഅഞ്ച്, മുസ്‌ലിം ലീഗ് നാല്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
നെഞ്ചുവേദനയെത്തുടര്‍ന്നു കലക്ടര്‍ ചികില്‍സ നേടിയ സാഹചര്യത്തില്‍ എഡിഎം കെ എം രാജുവാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ നസീമയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പുത്തൂര്‍വയല്‍ കുറ്റിക്കാടന്‍ ബീരാന്‍കുട്ടി-സൈനബ ദമ്പതികളുടെ മകളാണ് നസീമ.  ഭര്‍ത്താവ് മുട്ടില്‍ യതീംഖാന ജീവനക്കാരന്‍ തെങ്ങുംമുണ്ട ഹനീഫയും വിദ്യാര്‍ഥികളായ മുഹമ്മദ് മിദ്‌ലാജ്, നജ ഫാത്തിമ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

RELATED STORIES

Share it
Top