കെ ടി ജലീല്‍ മഅ്ദനിക്കായി പോസ്റ്റിട്ടു; ആത്മാര്‍ഥതയില്ലെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ച് മഅ്ദനിയെ വെറുതെവിടുക അല്ലെങ്കില്‍ തൂക്കിലേറ്റുക എന്ന് പോസ്റ്റിട്ട കെ ടി ജലീലിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം.
ഇടതുസര്‍ക്കാരുമായി ചേര്‍ന്ന് മഅ്ദനിയെ മോചിപ്പിക്കാന്‍ ശ്രമിക്കാതെ ജലീല്‍ സന്ദര്‍ശനനാടകം കളിക്കുകയാണെന്ന് സോഷ്യല്‍മീഡിയയിലുയര്‍ന്ന ആരോപണം. പുട്ടപര്‍ത്തിയില്‍ സായിബാബയുടെ ആശ്രമത്തില്‍ വിഷുവിനോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ബംഗളൂരുവില്‍ മഅ്ദനി താമസിക്കുന്ന ഫഌറ്റിലെത്തി സന്ദര്‍ശിക്കുകയായിരുന്നു. മന്ത്രിയുടെ എഫ്ബി പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ, ഒരു ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ത്ത് നീണ്ട ഒമ്പതുവര്‍ഷം കാരാഗൃഹത്തിനുള്ളില്‍ കഴിഞ്ഞ് അവസാനം തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കപ്പെട്ട മഅ്ദനിയെ മറ്റൊരു കള്ളക്കേസില്‍ കുരുക്കിയാണ് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകരുടെ മുറവിളികള്‍ സഹിക്കവയ്യാതായപ്പോള്‍ ബംഗളൂരു നഗരം വിട്ടുപോവരുതെന്ന വ്യവസ്ഥയില്‍ നീതിപീഠങ്ങള്‍ ചികില്‍സയ്ക്കായി ജാമ്യമനുവദിച്ചു. കര്‍ണാടക സര്‍ക്കാര്‍ വിചാരണ നീട്ടിക്കൊണ്ടുപോവുന്നതുതന്നെ മഅ്ദനി നിരപരാധിയാണെന്നതിന് തെളിവാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്ക് പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒന്നുകില്‍ മഅ്ദനിയെ വെറുതെ വിടുക. അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക. ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

RELATED STORIES

Share it
Top