കെ എസ് ഭഗവാനെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെ ടി നവീന്‍ കുമാറും സംഘവും  പ്രമുഖ കന്നഡ എഴുത്തുകാരനുമായ കെ എസ് ഭഗവാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. നവീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ജനുവരിയില്‍ ഭഗവാനെ വധിക്കാനായിരുന്നു നീക്കമെങ്കിലും അതു പാളുകയായിരുന്നു.
നവീന്‍ കുമാറിന്റെ ഭാര്യയെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തു. നവീന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചുമാണ് പോലിസ് പ്രധാനമായും ആരാഞ്ഞത്. രണ്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് റിപോര്‍ട്ട്.
ഗൗരി ലങ്കേഷ്് വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു നവീനെ നിരന്തരം വിളിച്ച വ്യക്തിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മംഗളൂരുവിലെ പബ്ലിക് ടെലിഫോണുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ നവീനുമായി ബന്ധപ്പെട്ടത്. നവീനെ പോലെ ഇയാള്‍ക്കും തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലിസ് നിഗമനം. നവീന്‍ കുമാറും കൊലപാതകം ആസൂത്രണം ചെയ്ത മറ്റുള്ളവരും തമ്മിലുള്ള ബന്ധം ഇയാള്‍ വഴിയാണെന്നാണ് പോലിസ് സംശയിക്കുന്നത്.
കഴിഞ്ഞ സപ്തംബറിലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 18നാണ് 37കാരനായ നവീന്‍ അറസ്റ്റിലായത്. കെ എസ് ഭഗവാനെ ഉടന്‍ കൊലപ്പെടുത്തുമെന്ന് 2015ലും അജ്ഞാത സന്ദേശം ലഭിച്ചതായി പോലിസ് വെളിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top