കെ എം മാണി വീണ്ടും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനായി കെ എം മാണിയെയും വര്‍ക്കിങ് ചെയര്‍മാനായി പി ജെ ജോസഫിനെയും വീണ്ടും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഐകകണ്‌ഠ്യേന നേതൃത്വത്തെ തിരഞ്ഞെടുത്തത്. സി എഫ് തോമസ് ഡെപ്യൂട്ടി ചെയര്‍മാനായും ജോസ് കെ മാണി വൈസ് ചെയര്‍മാനായും തുടരും. തോമസ് ജോസഫാണ് ട്രഷറര്‍. യോഗത്തില്‍ 29 അംഗ സംസ്ഥാന ഉന്നതാധികാര കമ്മിറ്റിയെയും 111 അംഗ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഉന്നതാധികാര സമിതിയിലെ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തി. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആക്കി ചുരുക്കി. ജനറല്‍ സെക്രട്ടറിമാരെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല. ഓഫിസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിനെ ഉന്നതാധികാര സമിതിയിലും നിലനിര്‍ത്തി.
ജോസഫ് വിഭാഗത്തെ പിണക്കാതെ കൂടെ നിര്‍ത്തിയാണ്  മാണി തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്.  ജോസഫ് വിഭാഗത്തില്‍ നിന്ന് 10 പേര്‍ക്ക് പരിഗണന നല്‍കി. അതേസമയം, കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണിപ്രവേശന തീരുമാനം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അറിയിക്കുമെന്നും മാണി പറഞ്ഞു.

RELATED STORIES

Share it
Top