കെ എം ജോസഫിന്റെ നിയമനം; ശുപാര്‍ശ തിരിച്ചയക്കണമെന്ന് കൊളീജിയത്തിലെ ജഡ്ജിമാര്‍

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം വിളിച്ചുചേര്‍ക്കണമെന്ന് കൊളീജിയത്തിലെ മൂന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ കൊളീജിയത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ജസ്റ്റിസ് ചെലമേശ്വര്‍ കത്ത് മുഖേനയും ആവശ്യമുന്നയിച്ചിട്ടുണ്ട്.
നേരത്തേ കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം രണ്ടാം തിയ്യതി യോഗം ചേര്‍ന്നെങ്കിലും ശുപാര്‍ശ തിരിച്ചയക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യം പരിഗണിക്കാന്‍ കൊളീജിയം ഈ ആഴ്ച യോഗം ചേരാനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഒരാഴ്ച പിന്നിട്ടിട്ടും കൊളീജിയം വിളിച്ചുചേര്‍ക്കാത്തതിനെ തുടര്‍ന്നാണ് ജഡ്ജിമാരുടെ നീക്കം.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച മെമ്മോറാണ്ടം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അനൗപചാരിക യോഗത്തിലാണ് കൊളീജിയത്തിലെ മൂന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തു നല്‍കുകയായിരുന്നു. ഈ മാസം വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ സുപ്രിംകോടതിയിലെ അവസാന പ്രവൃത്തിദിവസമായ 18ന് മുമ്പ് കൊളീജിയം വിളിച്ചുചേര്‍ക്കാനുള്ള ശ്രമങ്ങളാണ് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തുന്നത്. മുതിര്‍ന്ന ജഡ്ജിമാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇന്ന് കൊളീജിയം യോഗം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൊളീജിയം വീണ്ടും കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്താല്‍ അത് കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും.

RELATED STORIES

Share it
Top