കെവിന്‍ വധക്കേസ്‌; നീനുവിന്റെ ചികില്‍സാരേഖകള്‍ എടുക്കാന്‍ പിതാവിന് അനുമതി

കോട്ടയം: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികില്‍സാരേഖകള്‍ വീട്ടില്‍ നിന്ന് എടുക്കാന്‍ അഞ്ചാംപ്രതി പിതാവ് ചാക്കോയ്ക്ക് കോടതിയുടെ അനുമതി. പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതിഭാഗം അഭിഭാഷകന് ചാക്കോയുടെ പുനലൂര്‍ തെന്‍മലയിലെ വീട്ടിലെത്തി ചികില്‍സാരേഖകള്‍ എടുക്കാമെന്നാണ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.
നീനുവിന് മനോരോഗമുണ്ടെന്നും അതു തെളിയിക്കുന്ന രേഖകള്‍ പോലിസ് സീല്‍ ചെയ്ത വീട്ടില്‍നിന്നെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചാക്കോ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഇതില്‍ കോടതി പോലിസിന്റെ റിപോര്‍ട്ടും തേടിയിരുന്നു. മകള്‍ നീനുവിനും തന്റെ ഭാര്യ രഹ്‌നയ്ക്കും മനോരോഗമുണ്ടെന്നും തുടര്‍ചികില്‍സയ്ക്ക് നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നു മാറ്റണമെന്നുമായിരുന്നു ചാക്കോയുടെ ആവശ്യം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. രണ്ടുമൂന്നു തവണ ആത്മഹത്യാശ്രമം നടത്തുകയും അടുത്ത ബന്ധുക്കളോട് ശത്രുതാമനോഭാവം പുലര്‍ത്തുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ ഭാഗമാണെന്നും ഇതിന് ഡോ. ബൃന്ദയുടെ അടുത്ത് കൗണ്‍സലിങിന് നീനു വിധേയയായിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, തനിക്ക് മനോരോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്നു രക്ഷപ്പെടാനാണെന്നായിരുന്നു നീനുവിന്റെ പ്രതികരണം. തന്നെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലും ചികില്‍സയ്ക്ക് കൊണ്ടുപോയിട്ടില്ല. ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ചികില്‍സ വേണ്ടത് മാതാപിതാക്കള്‍ക്കാണെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചതെന്നും നീനു വ്യക്തമാക്കിയിരുന്നു. അതിനിടെ, ചാക്കോ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റി.

RELATED STORIES

Share it
Top