കെവിന്‍ കൊല: ശബ്ദ സാംപിള്‍ എടുക്കണമെന്ന വാദം തള്ളി

ഏറ്റുമാനൂര്‍: കെവിന്‍ കൊലക്കേസില്‍ പ്രധാനപ്രതി ഷാനു ചാക്കോയുടെ ശബ്ദ സാംപിള്‍ എടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്  കോടതി തള്ളി. കെവിനെ തട്ടികൊണ്ടു പോവുന്നതിന് മുമ്പ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐയുമായി ഷാനു ഫോണില്‍ സംസാരിച്ചിരുന്നത് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാംപിള്‍ എടുക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. നീനുവിന് മാനസികരോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നു കോടതി ആവശ്യപ്പെട്ട പ്രകാരം ഡോക്ടര്‍ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കി.
നീനുവിനെ മൂന്നുതവണ തന്റെയടുത്ത് കൗണ്‍സലിങിന് ഹാജരാക്കിയിരുന്നുവെന്നാണ് തിരുവനന്തപുരം അനന്തപുരി ആശുപത്രി മനശ്ശാസ്ത്ര വിഭാഗത്തിലെ ഡോ. വൃന്ദ തന്റെ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്. മാനസികരോഗം ഉണ്ടായിരുന്നതായി റിപോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്നും നീനു തന്നോട് പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നീനുവിന് മാനസികരോഗം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു.  പോലിസിന്റെ റിപോര്‍ട്ട് കിട്ടിയ ശേഷം ഇത് കോടതി പരിഗണിക്കുന്നതാണ്. കേസിലെ അഞ്ചാം പ്രതിയായ ചാക്കോ ഒഴികെ ഒന്നു മുതല്‍ 13 വരെ പ്രതികള്‍ക്കായി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 16ലേക്ക് മാറ്റി.
മാനസികരോഗമുള്ള നീനുവിനെ പണത്തിന് വേണ്ടി തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് വിവാഹത്തിന് ഒരുങ്ങുകയായിരുന്നുവെന്നും ഇപ്പോഴുള്ള കഥ കെവിന്റെ ബന്ധുവായ അനീഷ് മെനഞ്ഞുണ്ടാക്കിയതാണെന്നുമാണു പ്രതിഭാഗം അഭിഭാഷകന്‍ പി കെ വിനോദ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

RELATED STORIES

Share it
Top