കെവിന്‍ കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

കോട്ടയം: കെവിന്‍ കൊലക്കേസിലെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ഇന്നലെ കോട്ടയം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചപ്പോഴാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്. കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസ് ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പോലിസ് വ്യക്തമാക്കിയിരിക്കുന്നത്. നീനുവിനെ വിവാഹം കഴിച്ചതിന് സഹോദരന്‍ ഷാനു ചാക്കോയും സംഘവും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ 14 പ്രതികളാണുള്ളത്. നിയമവാഴ്ചയ്‌ക്കെതിരേയുള്ള വെല്ലുവിളിയാണ് കെവിന്റെ കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കഴിഞ്ഞ മെയ് 27നാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. 28ന് കെവിന്റെ മൃതദേഹം തെന്‍മലയില്‍നിന്നു കണ്ടെത്തി. സംഭവം നടന്ന് നാലുമാസം കഴിയുമ്പോഴാണ് വിചാരണാ നടപടികള്‍ തുടങ്ങുന്നത്. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നീനുവിന്റെ അച്ഛന്‍ ചാക്കോ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കി. ചാക്കോയുടെ ജാമ്യാപേക്ഷ നേരത്തേ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോവുമ്പോള്‍ വണ്ടിയോടിച്ചിരുന്ന രണ്ടു പ്രതികളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top