കെവിന്‍ കേസിലെ പ്രതിയുടെ വിവാദ വീഡിയോ കോള്‍; കോടതി സ്വമേധയാ കേസെടുത്തു

കോട്ടയം: കെവിന്‍ കേസിലെ പ്രതിയുടെ വിവാദ വീഡിയോ കോളിങില്‍ കോടതി സ്വമേധയാ കേസെടുത്തു. ഏഴാംപ്രതി ഷെഫിനെ കൂടാതെ ഫോണി ല്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കുമെതിരേ കേസെടുക്കാനാണ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കോടതിയുടെയും ജയിലറുടെയും ചട്ടങ്ങള്‍ ലംഘിച്ച് വീഡിയോ കോള്‍ ചെയ്തതിനാണു കോടതിയുടെ ഇടപെടല്‍. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പോലിസ് നോക്കിനില്‍ക്കെ കോടതി വളപ്പില്‍ വച്ച് പ്രതി ഷെഫിന്‍ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍വഴി പുറത്തായതോടെയാണ് കോടതി സ്വമേധയാ കേസെടുക്കാന്‍ തയ്യാറായത്. ഏറ്റുമാനൂര്‍ സിഐ എ ജെ തോമസിനാണ് അന്വേഷണച്ചുമതല. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരേ ഏറ്റുമാനൂര്‍ സിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ആളും ഫോണ്‍ നല്‍കിയ ആളും കേസില്‍ പ്രതിയാവും. ഈ മാസം എട്ടിന് വൈകീട്ട് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഏഴാം പ്രതി ഷെഫിന്‍ പോലിസ് വാഹനത്തിലിരുന്ന് ബന്ധുവിന്റെ ഫോണ്‍ വഴി വീഡിയോ കോളിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചതു വിവാദമായത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ എസ്പി ഹരിശങ്കര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. പോലിസുകാര്‍ക്ക് വീഴ്ചപറ്റിയെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ട്. കോടതി വളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാനെത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിലിരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു. കെവിന്‍ കൊലക്കേസിലെ പ്രതികളെ എസ്‌ഐ, എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ സഹായിച്ചെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയായിരുന്നു പോലിസിന്റെ വീഴ്ച വീണ്ടും വാര്‍ത്തയായത്.

RELATED STORIES

Share it
Top