കെവിന്റെ കൊലപാതകം: ഗൂഢാലോചനയില്‍ പങ്കില്ലെന്ന് നീനുവിന്റെ

മാതാവ് രഹ്‌നകോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്‌ന. കെവിനെ തട്ടിക്കൊണ്ടുപോവുന്ന ദിവസം താന്‍ തലവേദനയായി കിടക്കുകയായിരുന്നു. അടുത്തദിവസമാണ് സംഭവമറിയുന്നത്. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്നകാര്യവും പിന്നീടാണ് താനറിയുന്നത്. തന്റെ മകന്‍ ഷാനുവും ഭര്‍ത്താവ് ചാക്കോയും ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്തതെല്ലാം നീനുവിനോടുള്ള അമിതസ്‌നേഹം കാരണമാണ്. കെവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ഒന്നും തനിക്കറിയില്ലെന്നും താന്‍ ഒളിവില്‍പ്പോയില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും രഹ്‌ന വ്യക്തമാക്കി.
കെവിന്‍ വധക്കേസില്‍ കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രഹ്‌ന. കെവിനുമായി അടുപ്പമുണ്ടെന്നു നീനു തന്നോട് പറഞ്ഞിട്ടില്ല. കോളജില്‍ പോവുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിനുശേഷം കെവിനെ കണ്ടു മകളെ ശല്യപ്പെടുത്തരുതെന്നു വിലക്കിയിരുന്നു.  മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. മകളെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞു. എന്നാല്‍, കരഞ്ഞുപറഞ്ഞിട്ടും വീട്ടുകാര്‍ അനുവദിച്ചില്ല.
നീനു ഹോസ്റ്റലിലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ലായിരുന്നു.  നീനു രജിസ്റ്റര്‍ വിവാഹം ചെയ്തകാര്യവും അറിഞ്ഞിരുന്നില്ല. നീനുവിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ കുട്ടികളുടെ സ്വഭാവമാണ്. മുറിയില്‍ക്കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിട്ടുണ്ട്. അതറിയാവുന്നതുകൊണ്ടാണ് പോലിസ് സ്‌റ്റേഷനില്‍നിന്ന് കൊണ്ടുപോവാന്‍ ശ്രമിച്ചത്. മുമ്പ് നീനുവിനെ ചികില്‍സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്‌ന കൂട്ടിച്ചേര്‍ത്തു. രഹ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഇവരോട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. കെവിനെ കൊലപ്പെടുത്തുന്നതിനായി നടത്തിയ ഗൂഢാലോചനയില്‍ രഹ്‌നയ്ക്കും പങ്കുണ്ടെന്നു നീനുവും മുഖ്യസാക്ഷിയായ അനീഷും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചത്.
അതേ€സമയം, താന്‍ നീനുവിന്റെ മാതാവ് രഹ്‌നയെ നാളിതുവരെ കാണുകയോ തന്നെ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ പിതാവിനെ കണ്ടിരുന്നെന്നും തനിക്ക് ഒന്നര വര്‍ഷമായി മകനുമായി യാതൊരു ബന്ധവും ഇല്ലെന്ന് ജോസഫ് പറഞ്ഞതായി രഹ്‌ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. നീനുവിന് മനോരോഗമുണ്ടെന്നും അതിനു ചികില്‍സ നടത്തിയിട്ടുണ്ടെന്നുമുള്ള മാതാവിന്റെ പ്രതികരണത്തോട് അങ്ങനെയെങ്കില്‍ ചികില്‍സാരേഖകള്‍ അവര്‍ കാണിക്കട്ടേയെന്നും കെവിന്റെ പിതാവ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top