കെല്‍ട്രോണിന് 146 കോടിയുടെ ടെന്‍ഡറിന് അംഗീകാരം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ചെന്നൈ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 146 കോടി രൂപയുടെ ടെന്‍ഡറിന് അംഗീകാരം. വ്യവസായമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ നഗരത്തില്‍ ആധുനിക സംവിധാനങ്ങളോടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സജ്ജീകരിക്കുന്നതിനാണ് കെല്‍ട്രോണിന് ഓര്‍ഡര്‍ ലഭിച്ചത്.
കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെ രൂപകല്‍പന നിര്‍വഹിച്ച് സെന്ററില്‍ വിവിധ സംവിധാനങ്ങള്‍ സ്ഥാപിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ ക്ഷണിച്ച ടെന്‍ഡറില്‍ പങ്കെടുത്താണ് ഓര്‍ഡര്‍ സ്വന്തമാക്കിയത്. ഓര്‍ഡറില്‍ പദ്ധതിയുടെ മൂലധനച്ചെലവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടും.
ഒക്ടോബറില്‍ ലഭിച്ച പ്രവര്‍ത്തനാനുമതിയുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ 300 ദിവസത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കണം. അതോടൊപ്പം പദ്ധതിയുടെ ഭാഗമായി ട്രാഫിക്, ട്രാഫിക്എന്‍ഫോഴ്‌സ്‌മെന്റ്, ഐസിടി സംവിധാനങ്ങളുടെ മാസ്റ്റര്‍ സിസ്റ്റം ഇന്റര്‍ഗ്രേറ്ററായും ടെക്‌നിക്കല്‍ സൊല്യൂഷന്‍ പ്രൊവൈഡറായും കെല്‍ട്രോണ്‍ പ്രവര്‍ത്തിക്കും.
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനും ലാഭത്തിലാക്കാനുമുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിന് കരുത്തു പകരുന്നതാണിത്. കെല്‍ട്രോണിന്റെ സാങ്കേതികവിദ്യ ദേശീയമായും അന്തര്‍ദേശീയമായും വിപുലീകരിക്കുന്നതിനു വ്യവസായ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top