കെയ്ന്‍ മാജിക്കില്‍ ഗണ്ണേഴ്‌സിനെ വീഴ്ത്തി ടോട്ടനം


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ടോട്ടനത്തിന് ആവേശ ജയം. ശക്തരായ ആഴ്‌സനലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനം നിര തകര്‍ത്തത്. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടായ വിംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 4-2-3-1 ഫോര്‍മാറ്റില്‍ ടോട്ടനം അണിനിരന്നപ്പോള്‍ 4-3-3 ശൈലിയിലാണ് ആഴ്‌സനല്‍ തന്ത്രം മെനഞ്ഞത്. ഇരു കൂട്ടരും തുല്യശക്തികളായതിനാല്‍ തന്നെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു കൂട്ടര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ 58 ശതമാനം മുന്നിട്ട് നിന്നത് ടോട്ടനമായിരുന്നു.രണ്ടാം പകുതിയുടെ തുടക്കം തന്നെ ഹാരി കെയ്‌നിലൂടെ ടോട്ടനം അക്കൗണ്ട് തുറന്നു. 49ാം മിനിറ്റില്‍ ബെന്‍ ഡേവിസിന്റെ അസിസ്റ്റിലായിരുന്നു കെയ്‌ന്റെ ഗോള്‍ നേട്ടം. പിന്നീടുള്ള സമയത്ത് ഇരു കൂട്ടര്‍ക്കും ഗോള്‍ വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനം ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ 52 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ ടോട്ടനം മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 45 പോയിന്റുള്ള ആഴ്‌സനല്‍ ആറാം സ്ഥാനത്താണ്.

RELATED STORIES

Share it
Top