'കെപിസിസിക്ക് 300 വര്‍ക്കിങ് പ്രസിഡന്റുമാരുണ്ടായാലും ബിജെപിയെ നേരിടാനാവില്ല'

തൃശൂര്‍: കെപിസിസിക്ക് 300 വര്‍ക്കിങ് പ്രസിഡന്റുമാരുണ്ടായാലും കോണ്‍ഗ്രസ്സിന് ബിജെപിയെ നേരിടാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയങ്ങളില്‍ മാറ്റം വരുത്താതെ കോണ്‍ഗ്രസ്സിന് ബിജെപിക്കെതിരായ പോരാട്ടം നടത്താനാവില്ല. ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്ന് അവര്‍ പിന്‍മാറുമെന്ന് ആരും വിശ്വസിക്കില്ല. മാത്രമല്ല രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ബദലാവാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. അതിനാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാന്‍ ജനങ്ങളുടെ ബദലുണ്ടാവണം. അതിന് സിപിഎം നേതൃത്വം നല്‍കണം. ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ആര്‍എസ്എസിന്റെ ഭരണം വരാന്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ സമ്മതിക്കില്ല. ഭരണഘടനയെ സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പോരാട്ടം വളര്‍ത്തണം.
ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുന്നത് ആര്‍എസ്എസിനുവേണ്ടിയാണെന്ന് കോടിയേരി ആരോപിച്ചു. എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ ഒരു വിഹിതം പോവുന്നത് ആര്‍എസ്എസിനാണ്. കന്യാസ്ത്രീകളുടെ സമരത്തില്‍ ശരിയായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടത്. പരാതി ഉന്നയിച്ചത് കന്യാസ്ത്രീയായതിനാലും ആരോപണം ബിഷപ്പിനെതിരായതിനാലുമാണ് ഈ വിഷയം ലോകശ്രദ്ധയിലേക്ക് വന്നത്.
എന്നാല്‍ ആ സമരത്തെ സിപിഎമ്മിനെതിരായ പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു ചിലര്‍. എന്നാല്‍ രാജ്യത്തിനാകെ മാതൃകയായി കുറ്റവാളികളെ കയ്യാമം വയ്ക്കുന്ന പോലിസാണ് കേരളത്തിനുള്ളതെന്നു നാം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. എം എം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍, ബേബി ജോണ്‍, പി കെ ബിജു എംപി, മന്ത്രിമാരായ എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ് പങ്കെടുത്തു.

RELATED STORIES

Share it
Top