കെപിഎല്‍ ഫൈനല്‍ നാളെ : കെഎസ്ഇബി- തൃശൂര്‍ ഫൈനല്‍തിരൂര്‍: കേരള പ്രീമിയര്‍ ലീഗില്‍ കെഎസ്ഇബി തിരുവനന്തപുരവും എഫ്‌സി തൃശൂരും  ഫൈനലിലെത്തി. തിരൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സാറ്റ് തിരൂരിനെ തോല്‍പിച്ചാണ് കെഎസ്ഇബി ഫൈനലിലെത്തിയത്.കെഎസ്ഇബിക്ക്  വേണ്ടി ജോബി ജസ്റ്റിന്‍, ഫ്രാന്‍സിസ്, വി വി സുര്‍ജിത്ത്, എം അലക്‌സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാറ്റിന് വേണ്ടി രാഹുല്‍ ആശ്വാസ ഗോള്‍ നേടി. കിക്കെടുത്ത ക്യാപ്റ്റന്‍ ഇര്‍ഷാദിന്റെയും ഷഫീഖിന്റെയും കിക്കുകള്‍ പോസ്റ്റില്‍ തട്ടി പുറത്ത് പോയതാണ് സാറ്റ് തിരൂരിന് വിനയായത്. കളിയുടെ മുഴുവന്‍ സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാവാതെ വന്നതോടെ മല്‍സരം പെനല്‍റ്റിയിലേക്ക് വഴിമാറി. ആദ്യ പകുതിയില്‍ പന്ത് കെഎസ് ഇബിയുടെ പക്കലായിരുന്നു. സാറ്റ് ഗോള്‍കീപ്പര്‍ ഭാസ്‌ക്കര്‍ റോയിയുടെ പ്രകടനം മൂലം വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയില്‍ സാറ്റ് താരങ്ങള്‍ ഉണര്‍ന്ന് കളിച്ചതോടെ ചില മികച്ച നീക്കങ്ങളുണ്ടായി. കളിക്ക് മുമ്പേ മഴ പെയ്ത് കുതിര്‍ന്ന സ്‌റ്റേഡിയവും കളിക്കാരെ ചതിച്ചു. സാറ്റിന്റ ഫസലുറഹ്മാന്‍ ഗോള്‍ ലക്ഷൃമാക്കി കുതിച്ചുവെങ്കിലും സ്‌റ്റേഡിയത്തിലെ ചളിയില്‍ കുരുങ്ങി ഷോട്ട് ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.  സെമിയിലെ മാന്‍ ഓഫ് ദ മാച്ചായി കെഎസ്ഇബിയുടെ ജോബി ജസ്റ്റിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കെഎഫ്എയുടെ ക്വാഷ് അവാര്‍ഡ് നഗരസഭാ ചെയര്‍മാന്‍ അഡ്വ എസ് ഗിരീഷ് സമ്മാനിച്ചു. തൃശൂരില്‍ നടന്ന എഫ്‌സി തൃശൂര്‍- ഗോകുലം മല്‍സരം ഇരു ടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുക ആയിരുന്നു. കളി പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോള്‍ ആദ്യ കിക്ക് തന്നെ തൃശൂരിന് പിഴച്ചു. പക്ഷെ ഗോള്‍ കീപ്പര്‍ ഉവൈസ് ഖാന്റെ മിന്നും പ്രകടനം തൃശൂരിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 5 പെനല്‍റ്റികള്‍ കഴിഞ്ഞപ്പോള്‍ 3-3 എന്ന സ്‌കോറില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. അവസാനം സഡന്‍ ഡെത്തില്‍ 6-5ന് വിജയിച്ച് തൃശൂര്‍ ഫൈനലില്‍ കടക്കുകയായിരുന്നു. നാളെ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

RELATED STORIES

Share it
Top