കെപിഎംജി സേവനം കേരളത്തിന് ഗുണകരമോ?

എച്ച് സുധീര്‍
പുനര്‍നിര്‍മാണത്തിന്റെ ചര്‍ച്ചയിലാണു സംസ്ഥാനം. പുത്തരിയില്‍ കല്ലുകടിപോലെ വിവാദങ്ങളും ആരോപണങ്ങളും ഒപ്പമുണ്ട്. പുനര്‍നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റായി കെപിഎംജിയെ തിരഞ്ഞെടുത്തതാണ് ഇപ്പോള്‍ വിവാദമായി പുകഞ്ഞുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, അമേരിക്ക, ബ്രിട്ടന്‍, ഹോളണ്ട്, യുഎഇ തുടങ്ങിയ സര്‍ക്കാരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന കമ്പനിയാണ് കെപിഎംജി. കമ്പനി സൗജന്യമായി സേവനം നല്‍കാന്‍ സമ്മതിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കമ്പനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സി സേവനമാണു കേരളം ഉപയോഗിക്കുകയെന്നതു മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. ഏതൊക്കെ മേഖലയുമായി ബന്ധപ്പെട്ടാവും കമ്പനി ഉപദേശങ്ങള്‍ നല്‍കുകയെന്ന കാര്യത്തിലും വിശദീകരണം ഉണ്ടായിട്ടില്ല. സമാനമായി കെപിഎംജി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടുമില്ല.
തട്ടിപ്പുകള്‍ നടത്തിയ കമ്പനിയെ പുനര്‍നിര്‍മാണത്തിനുള്ള ചുമതല ഏല്‍പിക്കുന്നതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മന്ത്രി ഇ പി ജയരാജന് കത്ത് നല്‍കിയിരുന്നു. ഡച്ച് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ച നിലയ്ക്ക് അത് സ്വീകരിച്ചുകൂടെയെന്നാണു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍, നവകേരള നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റ് കെപിഎംജി ആണെന്നതില്‍ മാറ്റമില്ലെന്നും കമ്പനിക്കെതിരേ ഉയര്‍ന്നുവരുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. കഴമ്പില്ലെന്ന ഒറ്റവാക്കില്‍ തീരുന്ന വിശദീകരണമാണോ വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നല്‍കേണ്ടത്? ജനപങ്കാളിത്തത്തിലൂടെ മാത്രമേ ജനാധിപത്യം ശക്തവും പൂര്‍ണവുമാവുകയുള്ളൂ. വോട്ടിനെന്നപോലെ പൗരന്‍മാരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിലയുള്ള വ്യവസ്ഥിതിയാണിത്. മുന്നിലുള്ളത് കേവലം ഒരു പദ്ധതിയല്ല. ഭാവികേരളത്തെ നിര്‍മിക്കുകയെന്ന ശ്രമകരമായ കടമ്പയാണ്.
പൗരബോധവും പങ്കാളിത്തവും ഉറപ്പാക്കിയും നിയമനിര്‍മാണസഭയും കാര്യനിര്‍വാഹകസമിതിയും നിയമസംവിധാനവും മാധ്യമങ്ങളുമെല്ലാം സുതാര്യവും ക്രിയാത്മകവുമായി ഇടപെടല്‍ നടത്തിയും വേണം കേരളം പുനര്‍നിര്‍മിക്കാന്‍. കേരള പുനര്‍നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പൊതുജനപങ്കാളിത്തവും താല്‍പര്യങ്ങളുമാണു പരിഗണിക്കേണ്ടത്. സിവില്‍ സൊസൈറ്റി ജാഗ്രതപാലിക്കുകയാണെങ്കില്‍ ജനാധിപത്യക്രമത്തില്‍ ക്രിയാത്മകമായി ഇടപെടാനും നേതാക്കളെയും സംവിധാനങ്ങളെയും നേര്‍വഴിക്കു കൊണ്ടുവരാനും കഴിയുമെന്നാണ് സമകാലിക സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ജനാധിപത്യം പണാധിപത്യത്തിനോ സങ്കുചിത രാഷ്ട്രീയതാല്‍പര്യത്തിനോ വഴിമാറുമ്പോള്‍ രാജ്യതാല്‍പര്യങ്ങളെക്കാളെറെ കോര്‍പറേറ്റ് താല്‍പര്യങ്ങളാണു സംരക്ഷിക്കപ്പെടുക. അഴിമതിയും സ്വജനപക്ഷപാതവും നിരാകരിക്കുകയും സുതാര്യമായ ഭരണവും വികസനപ്രക്രിയയിലെ ജനപങ്കാളിത്തവും ഉറപ്പാക്കുകയുമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ചെയ്യേണ്ടത്. കോര്‍പറേറ്റ് താല്‍പര്യവും അഴിമതിയുമാണ് കെപിഎംജി എന്ന കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുത്തതിലൂടെ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ആരോപണം.
ഈ ആരോപണം വെറുതെ തള്ളിക്കളയാന്‍ കഴിയുന്നതല്ല. പ്രത്യേകിച്ച് പ്രളയത്തിനു മുമ്പുതന്നെ പ്രസ്തുത കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിനെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍. ഉന്നത ഉദ്യോഗസ്ഥരുടെ മക്കളെയും ബന്ധുക്കളെയും ജോലിക്കെടുത്ത് കെപിഎംജി, സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരില്‍ ഡയറക്ടറുടെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഡിസംബര്‍ 5ന് എഴുതിയ കത്തില്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരും കെപിഎംജിയിലെ എക്‌സിക്യൂട്ടീവുകളും തമ്മില്‍ അഴിമതിയിലൂടെ അടുപ്പം സൃഷ്ടിച്ചെടുത്തിരിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഇക്കണോമിക്് ടൈംസും കാരവന്‍ മാഗസിനുമാണ് ഈ കത്ത് പുറത്തുവിട്ടത്. ഒരു കണ്‍സള്‍ട്ടന്‍സി പ്രൊജക്റ്റ് സ്വന്തമാക്കുന്നതിന് കെപിഎംജിയിലെ ഒരു എക്‌സിക്യൂട്ടീവ് സര്‍ക്കാര്‍ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്ക് വന്‍ കോഴയാണു വാഗ്ദാനം ചെയ്തതെന്നു കത്തില്‍ പറയുന്നു.
ഐഎംഎഫ്, വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ലെയ്‌സന്‍ ജോലികള്‍ ചെയ്യുന്ന കമ്പനിയാണ് കെപിഎംജി. വായ്പയുമായി ബന്ധപ്പെട്ട് ഐഎംഎഫ്, വേള്‍ഡ് ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് വിവാദ കമ്പനിയെ കണ്‍സള്‍ട്ടന്റാക്കിയത്. വൈദ്യുതി നവീകരണത്തിനായി എസ്എന്‍സി ലാവ്‌ലിനെ ചുമതലപ്പെടുത്തി കോടികള്‍ വെള്ളത്തിലാക്കിയത് കനേഡിയന്‍ സഹായം ലഭിക്കുമെന്നു പ്രചാരണം നടത്തിയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ അഴിമതി നടന്നതായി തെളിയുകയും രണ്ട് പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. സമാനരീതിയിലാണ് സര്‍ക്കാര്‍ തട്ടിപ്പ് കമ്പനിയുമായി ചേര്‍ന്ന് അഴിമതിക്കായി പദ്ധതികള്‍ തയ്യാറാക്കുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. ി

RELATED STORIES

Share it
Top