കെപിഎംജിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: പ്രളയം തകര്‍ത്ത മേഖലകളുടെ പുനര്‍നിര്‍മാണത്തിനു വിദേശ ഏജന്‍സിയെ കണ്‍സള്‍ട്ടന്‍സി ആക്കിയതിനെച്ചൊല്ലിയും വിവാദം. രാജ്യാന്തര സ്ഥാപനമായ കെപിഎംജിയെ കണ്‍സള്‍ട്ടന്റാക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. നവകേരള നിര്‍മാണത്തിനു വിശ്വാസ്യതയില്ലാത്ത കമ്പനിയെയാണ് കണ്‍സള്‍ട്ടന്റായി സര്‍ക്കാര്‍ നിയമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെ മാറ്റില്ലെന്ന് വ്യക്തമാക്കി. കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് ഇന്നലെ കത്ത് നല്‍കി. എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കണ്‍സള്‍ട്ടന്‍സിയെ മാറ്റില്ലെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കെപിഎംജി അന്വേഷണം നേരിടുന്നുണ്ട്. ബ്രിട്ടനിലെ ഒരു പൊതുമേഖലാ കോണ്‍ട്രാക്ടറുടെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റിങ് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടും ടെഡ് ബേക്കര്‍ എന്ന വസ്ത്ര റീട്ടെയില്‍ സ്ഥാപനത്തില്‍ നടന്ന ഓഡിറ്റ് ക്രമക്കേടുകളെ തുടര്‍ന്നും ഈ കമ്പനി ബ്രിട്ടനില്‍ നടപടികള്‍ നേരിടുകയാണ്. ദക്ഷിണാഫ്രിക്കയിലുള്ള ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നെന്ന ആരോപണവും കെപിഎംജിക്കെതിരേയുണ്ട്. യുഎഇയിലെ അബ്‌റാജ് എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കമ്പനി അന്വേഷണം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെപിഎംജിയെ ഏല്‍പിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കമ്പനിക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണ് കെപിഎംജിയെന്ന് സ്ഥാപിക്കാനുള്ള രേഖകളടക്കം സുധീരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നുകാട്ടി സര്‍ക്കാരിന് കത്തും നല്‍കി.RELATED STORIES

Share it
Top