കെട്ടിയിട്ടു കവര്‍ച്ച: രണ്ടുപേര്‍ ബംഗാളില്‍ കസ്റ്റഡിയിലെന്ന് സൂചന

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ ബംഗാളില്‍ കസ്റ്റഡിയിലായതായി സൂചന. കേസില്‍ നിര്‍ണായകമായ പുരോഗതി ഉണ്ടായതോടെ കണ്ണൂര്‍ സിറ്റി സിഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും രണ്ടാഴ്ച മുമ്പ് ബംഗാളില്‍ എത്തിയിരുന്നു. ഇവര്‍ ഇവിടെ ക്യാംപ് ചെയ്തുവരികയാണ്.
പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങൂ. ഇക്കഴിഞ്ഞ സപ്തംബര്‍ ആറിനു പുലര്‍ച്ചെയാണ് വിനോദ് ചന്ദ്രന്റെ വീട്ടില്‍ ആയുധധാരികളായ മുഖംമൂടി സംഘത്തിന്റെ ആക്രമണം നടത്തിയത്.
കണ്ണൂര്‍ താഴെചൊവ്വയിലുള്ള വിനോദ് ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മര്‍ദ്ദിക്കുകയും കെട്ടിയിട്ട ശേഷം മോഷണം നടത്തുകയുമായിരുന്നു. പുലര്‍ച്ചെ ഒന്നോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്തുപോയത്.
കൊള്ള നടന്ന ദിവസം ടവര്‍ ലൊക്കേഷനിലെ ഫോണ്‍ കോളുകള്‍ മുഴുവന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് നാലംഗ മുഖംമൂടി സംഘത്തിന്റെ നീക്കങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ സമാനമായി കവര്‍ച്ച നടത്തിയ ബംഗ്ലാദേശ് സംഘത്തെ കൊച്ചി പോലിസ് സമര്‍ഥമായി പിടികൂടിയതിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

RELATED STORIES

Share it
Top