കെട്ടിപ്പടുത്തത് 10,000 കോടിയുടെ സാമ്രാജ്യം

അഹ്മദാബാദ്: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിനു കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ 77കാരനായ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കെട്ടിപ്പടുത്തത് 10,000 കോടി രൂപയുടെ സാമ്രാജ്യം. ലൈംഗികാരോപണം ഉയര്‍ന്ന ശേഷം ആശാറാമിന്റെ ആശ്രമങ്ങളില്‍ പോലിസ് നടത്തിയ പരിശോധകള്‍ പ്രകാരം കണ്ടെത്തിയ രേഖകളിലാണ് 10,000 കോടി രൂപയുടെ ആസ്തികള്‍ കണ്ടെത്തിയത്.
നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുജറാത്തിലെ സബര്‍മതി നദീതീരത്തെ മോട്ടേര ഭാഗത്ത് ആശ്രമം സ്ഥാപിച്ച് തന്റെ ആത്മീയജീവിതം ആരംഭിച്ച ആശാറാം ബാപ്പുവിന് ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമായി 400ലധികം ആശ്രമങ്ങളുണ്ട്; ലക്ഷക്കണക്കിന് അനുയായികളും. ആശാറാം അറസ്റ്റിലായ ശേഷവും ഈ ആശ്രമങ്ങള്‍ അനുയായികള്‍ നടത്തിക്കൊണ്ടു പോവുന്നുണ്ട്.  ഭൂമികൈമാറ്റം, ദുര്‍മന്ത്രവാദം തുടങ്ങിയ കേസുകളും ആശാറാം നേരിടുന്നു.
ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1941ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു ആശാറാം ബാപ്പു എന്ന അസുമല്‍ തിരുമാലാനിയുടെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്നു മാതാപിതാക്കള്‍ക്കൊപ്പം അഹ്മദാബാദിലേക്കു കുടിയേറുകയായിരുന്നു. പിതാവ് തൗമലിന്റെ മരണത്തെ തുടര്‍ന്നു വിവിധ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തി. ഇതിനിടെ ഹിമാലയത്തിലെത്തിയപ്പോഴാണ് അസുമല്‍, തന്റെ ഗുരുവായ ലൈലേഷ് ബാപ്പുവിനെ കാണുന്നത്. തുടര്‍ന്ന് ആശാറാം എന്ന പേരു സ്വീകരിച്ച ശേഷം 1964 മുതല്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയായിരുന്നു. 1972ല്‍ സബര്‍മതി തീരത്ത് ആശ്രമം സ്ഥാപിക്കുന്നതോടെയാണു പൂര്‍ണമായി ആത്മീയ പ്രവര്‍ത്തങ്ങളിലേക്കു തിരിയുന്നത്. ഇതിനിടെ ലക്ഷ്മീദേവിയെന്ന സ്ത്രീയെ വിവാഹം ചെയ്ത ആശാറാമിനു രണ്ടു മക്കളുണ്ട്.

RELATED STORIES

Share it
Top