കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയില്ല: വില്ലേജ് ഓഫിസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

അടിമാലി: ദേവികുളം ആര്‍ഡിഒ ഓഫിസില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നല്‍കിയില്ല. അപേക്ഷകന്‍ വെള്ളത്തൂവല്‍ വില്ലേജ് ഓഫിസില്‍ കുത്തിയിരിപ്പും ഉഭരോധ സമരവും നടത്തി. വെള്ളത്തൂവല്‍ വില്ലേജിലെ ആനവിരട്ടി തോപ്പില്‍ സാബു വാണ് വില്ലേജ് ഓഫിസില്‍ ഇന്നലെ ഉച്ചയോടെ സമരം നടത്തിയത്. 2017 ജൂണ്‍ മാസത്തില്‍ സാബു വീട് നിര്‍മിക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍ ഒമ്പത് മാസം കഴിഞ്ഞിട്ടും പെര്‍മിറ്റ് ലഭിച്ചില്ല. അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയതാണ്.
സാബുവിന് വെള്ളത്തൂവല്‍ വില്ലേജ് അതിര്‍ത്തിയില്‍ തന്നെ മറ്റൊരു വീട് ഉണ്ട്. എന്നാല്‍ ഈ വീട്ടില്‍ എല്ലാം അംഗങ്ങള്‍ക്കും താമസിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തി വില്ലേജ് അധികൃതര്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനായി 17 തവണ താന്‍ ദേവികുളത്തെ ഓഫിസില്‍ കയറി ഇറങ്ങുകയാണെന്നും തീരുമാനമാകാതെ വന്നതോടെയാണ്    കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജിയും ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകരും എത്തി. പിന്നീട് ജനം സത്യാഗ്രഹം ആരംഭിച്ചു. ശനിയാഴ്ച കലക്ടര്‍ സമര സമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടു ണ്ട്.
എന്നാല്‍ പരിഹാരം ആകുന്നതുവരെ സത്യഗ്രഹം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ കെ ആര്‍ ജയന്‍, ചെയര്‍മാന്‍ ജോര്‍ജ് തോമസ് എന്നിവര്‍ പറഞ്ഞു.  മൂന്നാര്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം താലൂക്കിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണവും കര്‍ഷകര്‍ നട്ട് വളര്‍ത്തിയ മരങ്ങള്‍ മുറിയ്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരേ രണ്ടാംഘട സമരം അടുത്ത ആഴ്ച്ച സംരക്ഷണ സമിതി  തുടങ്ങാനിരിക്കെയാണ് ഈ സംഭവും ഉണ്ടായിരിക്കുന്നത്.

RELATED STORIES

Share it
Top