കെട്ടിട അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത്: മന്ത്രി

കൊച്ചി: തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തീരുമാനമാവാത്ത കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.
2008 ന് മുമ്പ് നികത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ സ്ഥലത്ത് സര്‍ക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതികള്‍ വഴി ഭവന നിര്‍മാണം നടത്തുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അനുമതി മതി.
താല്‍ക്കാലിക നമ്പര്‍ ലഭിച്ച വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ലഭിക്കുന്നതിനുള്ള തടസ്സം നീക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ കടമക്കുടി കുടിവെള്ള വിതരണ പദ്ധതിയുടെയും പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇന്‍പേഷ്യന്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊച്ചിയിലെ ദ്വീപസമൂഹങ്ങളുടെ വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത്, പദ്ധതി വിഹിതങ്ങള്‍ അപര്യാപ്തമായതിനാലാണ് ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്ക് രൂപം നല്‍കിയത്. അതോറിറ്റിയുടെ കൈവശമുള്ള 300 കോടി രൂപ പ്രയോജനപ്പെടുത്തി ദ്വീപ് മേഖലയുടെ സമഗ്ര വികസനത്തിനായി വിനിയോഗിച്ചു വരികയാണ്.
സംസ്ഥാനത്ത് ജലവിതരണത്തിന് വാട്ടര്‍ അതോറിറ്റിയല്ലാതെ മറ്റൊരു ബദല്‍ ഇല്ല. അതോറിറ്റിയുടെ താല്‍പര്യവും താല്‍പര്യക്കുറവും ഈ പദ്ധതിയെ മാത്രമല്ല മറ്റ് പല പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ കോടികളുടെ ലാഭം സര്‍ക്കാരിനുണ്ടാവും.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും വൈകുന്നേരം വരെ പ്രവര്‍ത്തിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനുള്ള അനുമതിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ദേശീയ ആരോഗ്യ മിഷന്‍ നല്‍കുന്നതിന് തുല്യമായ തുക നല്‍കാനും തദ്ദേശ സ്ഥാപന ഭരണസമിതികള്‍ക്ക് അധികാരമുണ്ട്.
പക്ഷെ ഡോക്ടര്‍മാരെ കിട്ടാത്ത അവസ്ഥ തുടരുകയാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടര്‍മാരെ കണ്ടെത്തി നിയമിക്കാന്‍ ഭരണസമിതികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.
എസ് ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ് എംപി, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി, സബ് കലക്ടര്‍ ഇമ്പശേഖര്‍, കടമക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ജില്ലാ പഞ്ചായത്തംഗം സോന ജയരാജ് സംസാരിച്ചു.

RELATED STORIES

Share it
Top