കെട്ടിടനിര്‍മാണ പെര്‍മിറ്റ്: ഐബിപിഎംഎസ് സോഫ്റ്റ്‌വേര്‍ ട്രയല്‍ റണ്‍ തുടങ്ങി

തിരുവനന്തപുരം: നഗരസഭയില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യുന്നതിനുള്ള ഐബിപിഎംഎസ് സോഫ്റ്റ് വേറിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. നഗരസഭാ മേയര്‍ അഡ്വ. വികെ പ്രശാന്ത്    ദുര്‍ഗ, മിനി എന്നിവര്‍ക്ക് ഓണ്‍ലൈനായി നടപടി പൂര്‍ത്തിയാക്കിയ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ കൈമാറിക്കൊണ്ട്് ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അഡീഷനല്‍ സെക്രട്ടറി കെ ഹരികുമാര്‍ പദ്ധതി സംബന്ധിച്ച വിശദീകരണം നടത്തി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ ഗീതാഗോപാല്‍, കൗണ്‍സിലര്‍മാരായ ഡി അനില്‍കുമാര്‍, പാളയം രാജന്‍, കാഞ്ഞിരംപാറ രവി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജയചന്ദ്രകുമാര്‍ സംബന്ധിച്ചു. സംസ്ഥാന സര്‍ക്കാരാണ് നഗരസഭകളിലെ കെട്ടിടനിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നഗരകാര്യ വകുപ്പിനുവേണ്ടി കെഎസ്‌ഐഡിസിയാണ് സോഫ്റ്റ്‌വേര്‍ തയ്യാറാക്കുന്നതിനുള്ള ഏജന്‍സിയെ തിരഞ്ഞെടുത്തത്. ഓപണ്‍ ടെണ്ടറിലൂടെ ദേവു ഡെക്‌നോളജീസ് എന്ന കമ്പനിയെ തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്പനിയാണ്  ഐബിപിഎംഎസ്്്  സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയോടൊപ്പം വര്‍ക്കല മുനിസിപ്പാലിറ്റിയിലും സോഫ്റ്റ് വേറിന്റെ പൈലറ്റ് റണ്‍ ആരംഭിച്ചിട്ടുണ്ട്.
പൈലറ്റ് റണ്ണിലൂടെ മെച്ചപ്പെടുത്തി കേരളത്തിലെ എല്ലാ നഗരസഭകളിലേയ്ക്കും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് പൂര്‍ണമായി ഓണ്‍ലൈനായി കൈകാര്യം ചെയ്യുന്നതോടെ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിന് സമയബന്ധിതമായി പെര്‍മിറ്റുകള്‍ നല്‍കുന്നതിനും കഴിയും. ഓട്ടോകാഡില്‍ തയ്യാറാക്കുന്ന ബില്‍ഡിങ് പ്ലാന്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂളിന്റെ അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയര്‍ വിശകലനം ചെയ്ത് നിയമാനുസൃതമായ അപേക്ഷകളില്‍ ഉടന്‍ അനുമതി നല്‍കുന്നതിന് കഴിയും. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേയ്ക്ക് മാറുന്നതോടെ പേപ്പര്‍ ലെസ്സ് ആയി കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നല്‍കുന്ന സ്ഥിതിയിലേയ്ക്ക് മാറും. വിവിധ വകുപ്പുകളില്‍നിന്നും ലഭിക്കേണ്ട എന്‍ഒസികളും  ഓണ്‍ലൈനായി ഈ സോഫ്റ്റ് വേറിലൂടെ ലഭ്യമാക്കാന്‍ കഴിയും. നഗരസഭാ മെയിന്‍ ഓഫിസിലെ കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷ ഐബിപിഎംഎസിലൂടെയാണ് സ്വീകരിക്കുകയെന്നും മുഴുവന്‍ ബില്‍ഡിങ്  ഡിസൈനര്‍മാരും ജനങ്ങളും ഇതുമായി സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top