കെട്ടിടനിര്‍മാണ അപേക്ഷകള്‍ ഓണ്‍ലൈനാക്കി കോഴിക്കോട് നഗരസഭ ഹൈടെക് ആവുന്നു

കോഴിക്കോട്: കെട്ടിട നിര്‍മാണാനുമതിയില്‍ സമൂലമാറ്റത്തിന് വഴിവെക്കുന്ന ഓട്ടോമാറ്റഡ് ആന്റ് ഇന്റലിജന്‍സ് ബില്‍ഡിംഗ് പെര്‍മിറ്റ് ആപ്ലിക്കേഷന്‍ സിസ്റ്റം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് നഗരസഭയില്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അറിയിച്ചു.
സുവേഗ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മാണ അപേക്ഷകള്‍ ഈ പദ്ധതി വരുന്നതോടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിച്ചാണോ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത് എന്ന കാര്യം സോഫ്റ്റ് വെയര്‍ തന്നെ പരിശോധനക്ക് വിധേയമാക്കി അപ്പോള്‍ തന്നെ വിവരം നല്‍കും.
ന്യൂനതകള്‍ അപ്പോള്‍ കണ്ടെത്തി പരിഹരിക്കാനാവും എന്നതിനു പുറമെ അനാവശ്യ കാലതാമസം ഒഴിവാക്കാനും ഇതുമൂലം സാധിക്കും. സ്വതന്ത്ര കമ്പ്യൂട്ടിംഗ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഏത് സംവിധാനത്തില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 10 മീറ്റര്‍ ഉയരം വരെയുള്ള കെട്ടിടങ്ങളുടെ അപേക്ഷകളാണ് തുടക്കമെന്ന നിലയില്‍ പദ്ധതിക്കു കീഴില്‍ കൊണ്ടുവരിക.
ഭാവിയില്‍ എല്ലാ കെട്ടിട നിര്‍മാണ അപേക്ഷകളും ഈ പദ്ധതിക്കു കീഴിലാക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ അപേക്ഷകര്‍ക്കു തന്നെ ഓണ്‍ലൈനായി പരിശോധിക്കാനുമാവും. ഈ പദ്ധതി വരുന്നതോടെ കെട്ടിട നിര്‍മാണ അപേക്ഷകളും നടപടികളും പൂര്‍ണമായും കടലാസ് രഹിതമാവും. പദ്ധതിക്കാവശ്യമായ സാമ്പത്തിക ചിലവുകളും ഏകോപനവും ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഏറ്റെടുത്തിട്ടുള്ളത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള ഇ ഗവണ്‍മെന്റ്‌സ് ഫൗണ്ടേഷനാണ് സോഫ്റ്റ് വെയര്‍ കോഡിംഗ് നടത്തിയത്. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇത് സംസ്ഥാന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മീരാ ദര്‍ശക് പറഞ്ഞു.

RELATED STORIES

Share it
Top