കെട്ടിടം ഒരുങ്ങിയിട്ടും പ്രവര്‍ത്തനം തുടങ്ങാതെ ബഡ്‌സ് സ്‌കൂളുകള്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ കാസര്‍കോട് ജില്ലയില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂളുകളുടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം പഴയ കെട്ടിടങ്ങളില്‍ തന്നെ.
പലതും നിര്‍മാണം പൂര്‍ത്തിയായി രണ്ട് വര്‍ഷമായിട്ടും വൈദ്യൂതീകരിക്കാത്തതിനാല്‍ ഉദ്ഘാടനം അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഉദ്ഘാടനം ചെയ്തവ പഞ്ചായത്തുകള്‍ക്ക് ഓണ്‍ ഫണ്ട് ഇല്ലാത്തതുകാരണം പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകാനും ആവുന്നില്ല. നിര്‍മിച്ച കെട്ടിടങ്ങളാകട്ടെ പ്രവര്‍ത്തിപ്പിക്കാനാവാതെ നശിക്കുകയാണ്. ജില്ലയില്‍ സര്‍ക്കാര്‍ ലൈസന്‍സുള്ള വയര്‍മാന്‍മാര്‍ വേണ്ടത്ര ഇല്ലെന്നുള്ളതാണ് വൈദ്യുതീകരിക്കാന്‍ തടസ്സമെന്നാണ് അധികാരികളുടെ വാദം. മുളിയാര്‍, കാറഡുക്ക ബഡ്‌സ് സ്‌കൂളുകളാണ് വൈദ്യൂതീകരണം ഒഴികെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാവാതെ മാസങ്ങളോളമായി അടച്ചിട്ടിരിക്കുന്നത്. കോടികള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മനോഹരമായ ബഡ്‌സ് സ്‌കൂളുകളെ നോക്കി വാടക കെട്ടിടത്തിലും വെളിച്ചവും വായുവും കിട്ടാത്ത കുടുസു മുറികളിലും തന്നെ ഇരുന്ന് കാലം കഴിക്കുകയാണ് ദുരിതബാധിതരായ കുരുന്നുകള്‍. കാറഡുക്ക ബഡ്‌സ് സ്‌കൂളിന് 1.40 കോടി രൂപയും മുളിയാര്‍ ബഡ്‌സ് സ്‌കൂളിന് 1.30 കോടി രൂപയുമാണ് ചെലവഴിച്ചത്.
നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജിലാണ് ആധുനിക സൗകര്യങ്ങളോടെ ബഡ്‌സ് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 2016ല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം ജൂണില്‍ രണ്ട് കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജില്ലയില്‍ വൈദ്യുതീകരണത്തിന് ആളെ കിട്ടാനില്ലെന്നാണ് വാദം. ജില്ലയില്‍ ആകെ അഞ്ച് സര്‍ക്കാര്‍ ലൈസന്‍സ്ഡ് വയര്‍മാന്‍ മാത്രമാണുള്ളതെന്നും ടെന്‍ഡര്‍ വച്ചാല്‍ ഇവര്‍ എടുക്കാന്‍ മടികാണിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.
നിരക്ക് കൂട്ടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ നിന്നും കൂട്ടി നല്‍കാനും ആവാത്ത സ്ഥിതിയുണ്ട്. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പെടുന്ന കെട്ടിടങ്ങളുടെ വൈദ്യുതീകരണം മാത്രമല്ല എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളും വൈദ്യുതീകരണം പൂര്‍ത്തിയാക്കാനും സാധിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ബഡ്‌സ് സ്‌കൂളിന്റെ വൈദ്യുതീകരണത്തിന് തന്നെ രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും വന്നില്ല. രണ്ടു പഞ്ചായത്തുകളിലും പഞ്ചായത്ത് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക കെട്ടിടങ്ങളിലാണ് ബഡ്‌സ് സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കു—ന്നത്. കാറഡുക്കയില്‍ വാട്ടര്‍ഷെഡ്, പാളം പാത്ര നിര്‍മാണ യൂനിറ്റ് കെട്ടിടം എന്നിവയിലുമായും മുളിയാര്‍ പഞ്ചായത്തില്‍ പഴയ കമ്മ്യൂണിറ്റി കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രാഥമികകൃത്യം നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും രണ്ടിടത്തും ആവശ്യത്തിനില്ല. അധ്യാപികമാര്‍ തൊട്ടടുത്തെവിടെയെങ്കിലും കുട്ടികളെ ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണ്. കളിക്കാനുള്ള സ്ഥലവുമില്ല. കാറഡുക്കയില്‍ കുടിവെള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. താല്‍ക്കാലികമായി ഇവിടെയുള്ള ജലനിധിയില്‍ നിന്നാണ് ഇവര്‍ക്കാവശ്യമുള്ള വെള്ളം ഇപ്പോള്‍ ലഭ്യമാക്കുന്നത്.

RELATED STORIES

Share it
Top