കെജ്‌രിവാള്‍ ഡോക്യുമെന്ററിക്ക് സെന്‍സര്‍ബോര്‍ഡ് വിലക്ക്മുംബൈ: അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി പറയുന്ന ഡോക്യുമെന്ററിക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷ(സിബിഎഫ്‌സി)ന്റെ വിലക്ക്. സാമൂഹികപ്രവര്‍ത്തകനില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി വരെ എത്തിനില്‍ക്കുന്ന കെജ്‌രിവാളിന്റെ രാഷ്ട്രീയ ജീവിതമാണു ചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍ ഡോക്യുമെന്ററിയില്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണെമന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ആന്‍ ഇന്‍സിഗ്ഫിക്കന്റ് മാന്‍ എന്നു പേരിട്ട ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഖുശ്ബു രങ്കയും വിനയ് ശുക്ലയുമാണ്.രാഷ്ട്രീയത്തിനു പുറത്തുള്ള ഒരാള്‍ പ്രതിഷേധങ്ങളിലൂടെ എങ്ങനെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് എന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. മുന്‍വിധികള്‍ ഒന്നുമില്ലാതെയാണു ചിത്രീകരിച്ചതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ ജോലി രാഷ്ട്രീയപ്പാര്‍ട്ടികളെ സംരക്ഷിക്കല്‍ അല്ലെന്നും ഖുശ്ബു രങ്ക പ്രതികരിച്ചു. ചിത്രം പുനപ്പരിശോധനാ സമിതി മുമ്പാകെ സമര്‍പ്പിച്ചതായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ നിഹലാനി പറഞ്ഞു. യാഥാര്‍ഥ്യം ചിത്രീകരിക്കുന്ന നിര്‍മാതാക്കളെ വസ്തുനിഷ്ഠമല്ലാത്ത നിയമങ്ങള്‍ കൊണ്ട് ശിക്ഷിക്കുകയാണ് സിബിഎഫ്‌സി ചെയ്യുന്നതെന്നു സംവിധായകന്‍ വിനയ് ശുക്ല പറഞ്ഞു.

RELATED STORIES

Share it
Top