കെജരിവാള്‍- ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂടികാഴ്ച ഇന്ന്

ന്യൂഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഡല്‍ഹിയില്‍ അധികാരമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് കൂടികാഴ്ച. ഡല്‍ഹിയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനാണ് അധികാരമെന്ന സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ ലംഘിച്ച പശ്ചാത്തലത്തില്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കത്തെഴുതിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് കൂടികാഴ്ച നടക്കുന്നത്. ഡല്‍ഹിയില്‍ ഒരു വിഷയത്തിലും ലഫ്. ഗവര്‍ണറുടെ സഹകരണം ആവശ്യമില്ലെന്നാണ് കത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഡല്‍ഹിയിലെ മന്ത്രിമാരുടെ അധികാരവിനിയോഗത്തിന് ഇനിമുതല്‍ ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കിക്കഴിഞ്ഞു. ലഫ്. ഗവര്‍ണര്‍ സ്വതന്ത്രാധികാരത്തോടെ പ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനാണ് കൂടുതല്‍ അധികാരമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനിമുതല്‍ ഓരോ സര്‍ക്കാര്‍ ഫയലുകളും ലഫ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കേണ്ട. ഒരുപക്ഷേ, എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും ലഫ്. ഗവര്‍ണറെ അറിയിച്ചേക്കുമെന്നുമാണ് കെജ്‌രിവാള്‍ തന്റെ കത്തില്‍ പറയുന്നത്.ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനുള്ള അധികാരം സര്‍ക്കാരിനു തന്നെയാണെന്നു വ്യക്തമാക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് സേവന വിഭാഗം നിരസിച്ചിരുന്നു. പ്രസ്തുത വകുപ്പിന്റെ ചുമതല ഇപ്പോഴും ലഫ്. ഗവര്‍ണര്‍ക്കു തന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ നടപടി. എന്നാല്‍, ഉത്തരവ് നിരസിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
ഭൂമി, പോലിസ്, പൊതു ഉത്തരവുകള്‍ എന്നിവയൊഴികെ മറ്റെല്ലാ വിഷയങ്ങളും സംസ്ഥാനത്തിന്റെ കീഴില്‍ വരുമെന്നാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി വിധിയില്‍ വ്യക്തമാക്കുന്നത്. സുപ്രിംകോടതി വിധി അനുസരിച്ച് ലഫ്. ഗവര്‍ണര്‍ക്ക് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവിലോ നിയമന ഉത്തരവിലോ ഒപ്പുവയ്ക്കാന്‍ കഴിയില്ലെന്നാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഉദ്യോഗസ്ഥവാദം.
കോടതിവിധിക്കു പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സര്‍വീസ് വകുപ്പു സെക്രട്ടറിക്ക് സ്ഥലംമാറ്റം സംബന്ധിച്ച ഫയലുകള്‍ നല്‍കിയത്. എന്നാല്‍, ബുധനാഴ്ച വൈകീട്ട് തന്നെ സെക്രട്ടറി ഒപ്പു വയ്ക്കാതെ ഫയലുകള്‍ മടക്കി. സിസോദിയയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന വിശദമായ കുറിപ്പു സഹിതമാണ് ഫയലുകള്‍ മടക്കിയത്. ഇതുസംബന്ധിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ 2015ലെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയിട്ടില്ലെന്നും സെക്രട്ടറിയുടെ കുറിപ്പില്‍ വിശദീകരിക്കുന്നു. സ്‌റ്റെനോഗ്രാഫര്‍ പോലുള്ള കുറഞ്ഞ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമന ഉത്തരവുകളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
അതേസമയം, സുപ്രിംകോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ ഉത്തരവുകളില്‍ ലഫ്. ഗവര്‍ണര്‍ക്ക് ഒപ്പുവയ്ക്കാനാവില്ലെന്നാണ് ആം ആദ്മി വാദിക്കുന്നത്. ഭൂമി, പൊതു ഉത്തരവുകള്‍, പോലിസ് എന്നിവയില്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളൂ എന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. നിയമന, സ്ഥലംമാറ്റ ഫയലുകളില്‍ ലഫ്. ഗവര്‍ണര്‍ ഒപ്പു വയ്ക്കുകയാണെങ്കില്‍ അത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ആപ്പ് കുറ്റപ്പെടുത്തുന്നു.
ധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധിയില്‍ പുനരവലോകന ഹരജി നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ റിവ്യൂ ഹരജിക്കായി ആലോചിക്കുന്നുണ്ടെന്നും എന്നാല്‍, ലഫ്. ഗവര്‍ണറുടെ റിപോര്‍ട്ട് കൂടി വാങ്ങിയതിനു ശേഷമേ ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും സൂചനകളുണ്ടായിരുന്നു.

RELATED STORIES

Share it
Top