കെകെകെ നേതാവ് കില്ലന്‍ ജയിലില്‍ മരിച്ചു

വാഷിങ്ടണ്‍: മിസിസിപ്പിയില്‍ കൊലപാതകക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന കു ക്ലക്‌സ് ക്ലാന്‍(കെകെകെ) നേതാവ് എഡ്ഗാര്‍ റെയ് കില്ലന്‍ അന്തരിച്ചു. മൂന്നു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ട് കോടതി ഇദ്ദേഹത്തെ 60 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.
1964ല്‍ യുഎസില്‍ കറുത്തവര്‍ഗക്കാരുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് ഓഫ് റേഷ്യല്‍ ഇക്വാലിറ്റി പ്രവര്‍ത്തകരായ ജെയിംസ് ഷേന്‍, ആന്‍ഡ്ര്യൂ ഗുഡ്മാന്‍, മിഖായേല്‍ ഷ്വൂര്‍നര്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍  കില്ലന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം ആവ—ശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണത്തിനിടെയായിരുന്നു മൂന്നു പേരെയും പോലിസ് അറസ്റ്റ് ചെയ്തത്്. പോലിസ് വിട്ടയച്ച ഇവരെ കെകെകെ പ്രവര്‍ത്തകര്‍ പിടികൂടുകയായിരുന്നു. ആറ് ആഴ്ചയ്ക്കു ശേഷം കൃഷിയിടത്തില്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തി. കേസില്‍ പ്രമുഖരടക്കം നിരവധി പേരെ എഫ്ബിഐ അറസ്റ്റ് ചെയ്തു.
ഇതില്‍ ഭൂരിഭാഗം പ്രതികളെയും മിസിസിപ്പി കോടതി വെറുതെവിട്ടു. പിന്നീട് സുപ്രിംകോടതി ഇടപെട്ട് കേസ് വീണ്ടും പരിഗണിച്ചു. എന്നാല്‍ മുന്‍ ബാപ്റ്റിസ്റ്റ് പ്രചാരകനായ കില്ലനെ ശിക്ഷിക്കുന്ന കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം കാരണം വിചാരണ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ നാലു പതിറ്റാണ്ടിനു ശേഷം 2005ല്‍ കേസ് വീണ്ടും പരിഗണിക്കുകയും കില്ലനെ 60 വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയുമായിരുന്നു.

RELATED STORIES

Share it
Top