കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിതിരുവനന്തപുരം: മെഡിക്കല്‍ പിജി ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് മര്‍ദിച്ചതിലും പരിക്കേറ്റവര്‍ക്ക് ചികില്‍സ നിഷേധിച്ച സംഭവത്തിലും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.   പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പ്രവര്‍ത്തകരെ അതിക്രൂരമായാണ് പോലിസ് മര്‍ദിച്ചതെന്നും   ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികില്‍സ നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ഹൈബി ചോദിച്ചു. പോലിസുകാര്‍ക്കെതിരേയും ചികില്‍സ നിഷേധിച്ച ഡോക്ടര്‍ക്കെതിരേയും നടപടിവേണമെന്നും ഹൈബി ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്‌യു പ്രവര്‍ത്തകരാണ് പോലിസിനു നേരെ അക്രമം നടത്തിയതെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പറഞ്ഞു. പോലിസിന് നേരെ കല്ലേറ് ഉണ്ടായപ്പോഴാണ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്ത്. 68പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥി സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  എന്നാല്‍, സ്വാശ്രയഫീസ് വിഷയത്തില്‍ കെഎസ്‌യുക്കാരെ ഇറക്കിവിട്ട് ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ മുദ്രാവാക്യം വിളികളുമായി എണീറ്റ പ്രതിപക്ഷാംഗങ്ങള്‍  സഭവിട്ടു.

RELATED STORIES

Share it
Top