കെഎസ്്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന നേതാക്കള്‍ക്കു പരിക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്്‌യു സെക്രേട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസിന്റെ ലാത്തിയടിയേറ്റ് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, വൈസ് പ്രസിഡന്റുമാരായ ജസീര്‍ പള്ളിവയല്‍, സ്്‌നേഹ ആര്‍ വി, റിങ്കു പടിപ്പുരയില്‍, ജനറല്‍ സെക്രട്ടറി കെ നബീല്‍ കല്ലമ്പലം, റിയാസ് പത്തിശ്ശേരില്‍, ശില്‍പ, അരുണ്‍ രാജേന്ദ്രന്‍, ആഷിന്‍, മാത്യു കെ ജോണ്‍ എന്നിവര്‍ക്കു പരിക്കേറ്റു.
ഒരു പോലിസുകാരനും പരിക്കേറ്റതായി പറയുന്നു. പലരെയും പോലിസ് വളഞ്ഞിട്ടു തല്ലിച്ചതച്ചു. ലാത്തിക്കു പുറമേ ആണിതറച്ച ചൂരല്‍കൊണ്ടും പോലിസ് തങ്ങളെ അടിച്ചതായി കെഎസ്്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. നേതാക്കള്‍ക്ക് മര്‍ദനമേറ്റതോടെ പോലിസിനെതിരേ മുദ്രാവാക്യം മുഴക്കി കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പോലിസ് ലാത്തിയടിയില്‍ തലപൊട്ടി ചോരയൊലിച്ച് കിടന്നവരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലിസ് വാഹനങ്ങളില്‍ കയറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണു സംഭവം. 12.30 ഓടെ സെക്രേട്ടറിയറ്റിനു മുന്നിലെത്തിയ മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സെക്രേട്ടറിയറ്റിനുള്ളിലേക്ക് പോലിസ് ബാരിക്കേഡ് മറികടന്ന് കടന്നുകയറാനുള്ള ശ്രമം തടഞ്ഞതോടെ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കൊടികെട്ടിയ പൈപ്പുകളും മറ്റും പോലിസിനു നേരെ എറിഞ്ഞു. ഇതാണ് പോലിസിനെ പ്രകോപിപ്പിച്ചത്. സമരത്തിനു നേതൃത്വം നല്‍കിയ നേതാക്കളായ റിങ്കു പടിപ്പുരയില്‍, അബ്ദുല്‍ റഷീദ്, സുഹൈയില്‍ അന്‍സാര്‍, സുഹൈയില്‍ ഷാജഹാന്‍, കെ കിഷോര്‍ തുടങ്ങിയവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് പഠിപ്പുമുടക്കിന് കെഎസ്‌യു ആഹ്വാനം ചെയ്തു.  അതേസമയം, പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ   ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top