കെഎസ്ടിപി റോഡ് നിര്‍മാണം പൂര്‍ത്തിയായി; ഉദ്ഘാടനം ഈ മാസം

കാഞ്ഞങ്ങാട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് നിര്‍മാണം പൂര്‍ത്തിയായി, ഉദ്ഘാടനം 30 നകം നടത്താന്‍ തീരുമാനം. കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ പാത 27.780 കിലോമീറ്റര്‍ റോഡ് 113 കോടി രൂപ ചെലവിലാണ് കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ടിപി) നേതൃത്വത്തില്‍ ബി ആന്റ് സി, ബി ആന്റ് എം സംവിധാനത്തോടെ വിപുലീകരിച്ചത്. 2013 ജൂലൈയിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. രണ്ടു വര്‍ഷം കൊണ്ട് പ്രവൃത്തി തീര്‍ക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും സാങ്കേതിക കാരണങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും നിര്‍മാണം വൈകിപ്പിച്ചു. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം മേയ് 31നകം റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നായിരുന്നു കെഎസ്ടിപി നിര്‍ദേശം നല്‍കിയത്. ഇതാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. നഗരത്തില്‍ ഡിവൈഡര്‍ നിര്‍മാണവും സര്‍വീസ് റോഡില്‍ ഇന്റര്‍ലോക്ക് പകലും നടപ്പാതയില്‍ ടൈല്‍സ് പതിക്കലും മാത്രമാണ് അവശേഷിക്കുന്നത്.
ഇതിന്റെ പ്രവൃത്തി ത്വരിതഗതിയില്‍ നടന്നുവരുന്നു. മഴ ശക്തി പ്രാപിച്ചാലും പ്രവൃത്തി തുടരാനാകുമെന്നാണ് കരാറുകാര്‍ പറയുന്നത്. അതേ സമയം കോട്ടച്ചേരി എലൈറ്റ് ഹോട്ടലിനു സമീപം ഓവുചാല്‍ കുഴിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതിനാല്‍ അവിടുത്തെ നിര്‍മാണം നിലച്ചിരിക്കുകയാണ്. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.പ്രധാന റോഡിനിരുവശങ്ങളിലുമായി അഞ്ചര മീറ്റര്‍ സര്‍വീസ് റോഡും പാര്‍ക്കിങ് ഏരിയയും രണ്ടര മീറ്റര്‍ നടപ്പാതയുമാണ് ഇപ്പോള്‍ ഒരുങ്ങി വരുന്നത്. അതേ സമയം ടിബി റോഡ് ജങ്ഷന്‍ മുതല്‍ ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ ജങ്ഷന്‍ വരെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് നഗരസഭയും ട്രാഫിക് പോലിസും നിര്‍ദേശം വച്ചിട്ടുണ്ട്.

RELATED STORIES

Share it
Top