കെഎസ്ഇബി: നിയമനം നിര്‍ത്തലാക്കി സമഗ്ര പരിഷ്‌കരണം

പി എം  അഹ്്മദ്

കോട്ടയം: കെഎസ്ഇബിയില്‍ തസ്തികകള്‍ വെട്ടിക്കുറച്ചും നിയമനം നിര്‍ത്തലാക്കിയും ജീവനക്കാരെയും ഉദ്യോഗാര്‍ഥികളെയും ഗുരുതരമായി ബാധിക്കുന്ന സമഗ്ര പരിഷ്‌കരണത്തിനുള്ള ഐഐഎം റിപോര്‍ട്ട് നടപ്പാക്കാന്‍ ഉന്നതതല സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഐഐഎം റിപോ ര്‍ട്ടിലെ 14 നിര്‍ദേശങ്ങള്‍ പഠിക്കാനാണ് മൂന്ന് മുഴുസമയ ബോര്‍ഡംഗങ്ങള്‍ അടങ്ങുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി കഴിഞ്ഞ മൂന്നിന് ഉത്തരവിറക്കിയത്. റിപോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കിള്‍ ഓഫിസുകളുടെ ഘടനാപരമായ മാറ്റം, ഡിവിഷന്‍ ഓഫിസുകളുടെ ഘടനാപരമായ മാറ്റം, ഉപഭോക്താക്കളുടെ എണ്ണം അനുസരിച്ച് സെക്്ഷന്‍ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുക, എആര്‍യു തലത്തില്‍ ഹ്യൂമന്‍ റിസോഴ്‌സസ് തലവന്‍-മീറ്റര്‍ റീഡര്‍ നിയമനം നിര്‍ത്തലാക്കുക, ആര്‍പിടിഐയിലെ അസി.എന്‍ജിനീയര്‍മാരുടെ എണ്ണം കുറയ്ക്കുക, സീനിയര്‍ അസിസ്റ്റന്റുമാരുടെ എണ്ണം മൂന്നി ല്‍ ഒന്നായി കുറയ്ക്കുകയും കൂടുതലുള്ളവരെ പുനര്‍വിന്യസിക്കുകയും ചെയ്യുക, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഫെയര്‍ കോപ്പി അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് വിഭാഗങ്ങളുടെ ജോലി ഏകീകരിക്കുക, ഡ്രൈവര്‍-സ്വീപ്പര്‍ തസ്തികകള്‍ പൂര്‍ണമായും കരാര്‍ നല്‍കുകയും നിയമനം നിര്‍ത്തുകയും ചെയ്യുക, ചീഫ് എന്‍ജിനീയര്‍ എച്ച്ആര്‍എം, ചീഫ് പേഴ്‌സനല്‍ ഓഫിസര്‍, ബോര്‍ഡ് സെക്രട്ടറി ഓഫിസുകള്‍ ഒന്നിപ്പിക്കുക, സിഇ (കൊമേഴ്‌സ്യല്‍ ആന്റ് താരിഫ്), സിഇ (എസ്‌സിഎം), സിഇ (ആര്‍ഇഇഎസ്) ഓഫിസുകള്‍ പുനസ്സംഘടിപ്പിക്കുക, കോര്‍പറേറ്റ് ഓഫിസുകളുടെ പുനസ്സംഘടന, അധികജീവനക്കാരുടെ പുനര്‍വിന്യാസം തുടങ്ങിയ നിര്‍ദേശങ്ങളാണു പഠനവിധേയമാക്കുന്നത്. സബ് കമ്മിറ്റി അംഗങ്ങളെ നിലവിലുള്ള ജോലികളില്‍നിന്നു വിടുതല്‍ നല്‍കി മുഴുവന്‍ സമയം ഇതിനായി വിനിയോഗിക്കും. ഐഐഎം റിപോര്‍ട്ട് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി മീറ്റര്‍ റീഡര്‍ നിയമനം പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ നിലവിലുള്ള 876 മീറ്റര്‍ റീഡര്‍ ഒഴിവുകള്‍ നികത്തരുതെന്നു നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി എം എം മണി വ്യക്തമാക്കിയിരുന്നു. ഡ്രൈവര്‍-സ്വീപ്പര്‍ നിയമനം പൂര്‍ണമായും കരാര്‍ അടിസ്ഥാനത്തിലാക്കാനും തുടര്‍നിയമനങ്ങള്‍ നിര്‍ത്താനുമാണു നിര്‍ദേശം. ബില്ലിങ് പേഴ്‌സനല്‍ ഡിജിറ്റല്‍ അസിസ്റ്റ് (പിഡിഎ) സംവിധാനം ഉപയോഗിക്കുന്നതിലൂടെയും ഐടി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെയും നിലവിലുള്ള 2,950 സീനിയര്‍ അസിസ്റ്റന്റ്മാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കും. ജീവനക്കാരുടെ ശമ്പളം, വേതനം എന്നിവ നിര്‍ണയിക്കുന്നതിന് മികവു പരിശോധിക്കാന്‍ പുറമേ നിന്നുള്ള ഏജന്‍സിയുടെ സഹായംതേടുന്നതുള്‍പ്പെടെ ജീവനക്കാരെ ഗുരുതരമായി ബാധിക്കുന്ന നിര്‍ദേശങ്ങളാണ് റിപോര്‍ട്ടിലുള്ളത്. ആശ്രിതനിയമനത്തിലും സമൂലമായ അഴിച്ചുപണിയാണു നിര്‍ദേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി നടപ്പാക്കി കാലക്രമേണ ആശ്രിതനിയമനം ഇല്ലാതാക്കാനും നിര്‍ദേശമുണ്ട്. ആദ്യപടിയായി കരാര്‍ നിയമനം നല്‍കി പരിശീലനം നല്‍കിയശേഷം സ്ഥിരനിയമനം നല്‍കും. 2014 മാര്‍ച്ച് 13നാണ് 57,57, 326 രൂപ ചെലവില്‍ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബി കോഴിക്കോട് ഐഐഎമ്മുമായി കരാറില്‍ ഒപ്പിട്ടത്. 2016 മെയ് 3ന് റിപോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് റിപോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണത്തിന് ഡയറക്ടര്‍ (ഫിനാന്‍സ്) അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് 2017 ജൂണ്‍ 7ന് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ട് നിയമനനിരോധനമുള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ആറുമാസത്തിലധികം ഫയലില്‍ ഉറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഉന്നതതല സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top