കെഎസ്ഇബി ജീവനക്കാരനെ ഗോഡൗണില്‍ പൂട്ടിയിട്ടു

താനൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന്  കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്ന കെഎസ്ഇബി വര്‍ക്കറെ ഗോഡൗണില്‍ പൂട്ടിയിട്ടു.
പൂരപ്പുഴ പാലത്തിനടുത്ത  സ്ഥാപനത്തിലെ ജീവനക്കാരനാണ് കെഎസ്ഇബി താനൂര്‍ സെക്ഷനിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിനെ പൂട്ടിയിട്ടത്. വൈദ്യുതിബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുരേഷ് ബാബു  പ്രസ്തുത കടയില്‍ കണക്ഷന്‍ വിച്ഛേദിക്കാനായി എത്തിയിരുന്നു.
എന്നാല്‍ അടുത്ത ദിവസം ബില്‍ അടയ്ക്കാമെന്ന ഉറപ്പില്‍ തിരിച്ചു പോരുകയായിരുന്നു. ബില്‍ അടച്ചിട്ടില്ല എന്ന് ഓഫിസില്‍നിന്ന് അറിയിപ്പ് കിട്ടിയതോടെ വ്യാഴാഴ്ച രാവിലെ 11ന് വീണ്ടും കടയിലെത്തി. ഗോഡൗണിലുള്ള  മീറ്ററില്‍ നിന്നും വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതിനിടയിലാണ് കടയിലെ ജീവനക്കാരന്‍ ഗോഡൗണിന്റെ ഗ്രില്‍സ് താഴിട്ട് പൂട്ടിയത്.    തുടര്‍ന്ന് സുരേഷ് ബാബു കെഎസ്ഇബി ഓഫിസിലും, പോലിസ് സ്‌റ്റേഷനിലും വിവരമറിയിച്ചു.
പോലിസ് എത്തുന്നതിന് മുമ്പ്  മാനേജര്‍ എത്തി സുരേഷ് ബാബുവിനെ മോചിപ്പിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കടയിലെ ജീവനക്കാരനെതിരെ സുരേഷ് ബാബു പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top