കെഎസ്ഇബി ഓഫിസ് രാജപുരത്ത് നിന്ന് മാറ്റരുത്: കള്ളാര്‍ പഞ്ചായത്ത്

രാജപുരം: രാജപുരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു കെഎസ്ഇബി ഓഫിസ് മാറ്റരുതെന്ന് കള്ളാര്‍ പഞ്ചായത്ത്. സൗകര്യമില്ലാത്തതിന്റെ പേരില്‍ മാറ്റാന്‍ തീരുമാനിച്ചതറിഞ്ഞ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എം സൈമണ്‍ നല്‍കിയ കത്തില്‍ പഞ്ചായത്ത് കമ്മിറ്റി യോഗം വൈദ്യുതി വകുപ്പിന് ആവശ്യമായ സ്ഥലസൗകര്യം കണ്ടെത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയും ഓഫിസ് ഈ പ്രദേശത്ത് നിന്നും മാറ്റുവാനുള്ള തീരുമാനം മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. കഴിഞ്ഞ 35 വര്‍ഷത്തോളമായി രാജപുരത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ഓഫിസ് സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ സാധനങ്ങള്‍ സൂക്ഷിക്കാനോ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ആളുകള്‍ക്ക് ഇരിക്കുവാനോ വേണ്ട ഒരു സൗകര്യവുമില്ല. പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും അംഗപരിമിതര്‍ക്ക് പ്രത്യേകം ശുചിമുറികള്‍ വേണ്ടിടത്ത് എല്ലാവര്‍ക്കുംകൂടി ഒറ്റ ശുചിമുറിയാണുള്ളത്. ഇതിനാലാണ് ഓഫിസിന് ആവശ്യമായ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഉയര്‍ത്തിയതെന്നും ഇതിനായി കള്ളാര്‍ പഞ്ചായത്തും കോടോം-ബേളൂര്‍ പഞ്ചായത്തും സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചതായും എവിടെ വേണം എന്നുള്ളത് തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 24,000ഓളം ഉപഭോക്താക്കളാണ് രാജപുരം സെക്ഷനില്‍ മാത്രം വരുന്നത്. ഇത്രയുമധികം ഉപഭോക്താക്കളുള്ള ഈ സെക്ഷന് രണ്ടാക്കിയാല്‍ ജനങ്ങള്‍ക്ക് നല്ല രീതിയിലുള്ള സേവനം നല്‍കാന്‍ കഴിയുമെന്ന് അധികൃതരെ നേരത്തെ അറിയിച്ചെങ്കിലും ഇതിനായുള്ള നടപടികള്‍ ഒന്നും ഇതുവരെയും ആയിട്ടില്ല.

RELATED STORIES

Share it
Top