കെഎസ്ഇബിയുടെ പണം തട്ടിയ കേസ്: വിധി റദ്ദാക്കി

കൊച്ചി: വ്യാജ രേഖ ചമച്ച് കെഎസ്ഇബിയുടെ പണം തട്ടിയെന്ന കേസില്‍ ജീവനക്കാരനെ ശിക്ഷിച്ച വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. തൃശൂര്‍ പൊന്‍കുന്നം കെഎസ്ഇബി ഇലക്ട്രിക്കല്‍ ഡിവിഷനിലെ കാഷ്യറും സീനിയര്‍ അസിസ്റ്റന്റുമായ സി എസ് മധുസൂദനനെ ഏഴു വര്‍ഷത്തെ തടവിനും പിഴയ്ക്കും ശിക്ഷിച്ച 2016 ആഗസ്തിലെ വിജിലന്‍സ് കോടതി വിധിയാണ് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. കെഎസ്ഇബിക്ക് ഉപഭോക്താക്കള്‍ നല്‍കുന്ന പണം ബാങ്കില്‍ അടയ്ക്കാതെ വ്യാജ രേഖയും സീലുമുണ്ടാക്കി തട്ടിയെടുത്തെന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണ് മധുസൂദനനെതിരേ കേസെടുത്തിരുന്നത്.
1999 നവംബര്‍ മുതല്‍ 2001 സപ്തംബര്‍ വരെയുള്ള കാലത്ത് 99422 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. വിചാരണക്കോടതി വിധിക്കെതിരെ മധുസൂദനനാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ രേഖ ചമച്ചത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിന് ആയില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി നിരീക്ഷിച്ചു. വ്യാജ സീലെന്ന് ആരോപണമുള്ള സീല്‍ ഹാജരാക്കിയില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണക്കോടതിയില്‍ വിസ്തരിച്ചില്ല. സീല്‍ ഒറിജിനല്‍ ആണോ എന്ന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല. 99422 രൂപ പിന്നീട് കെഎസ്ഇബിക്ക് ലഭിച്ചെങ്കിലും ഇത് ആരാണ് കെഎസ്ഇബിയില്‍ നിക്ഷേപിച്ചതെന്ന് അറിയില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിചാരണക്കോടതി വിധി റദ്ദാക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top