കെഎസ്ആര്‍ടിസി: 8500 വരുമാനമില്ലാത്ത സര്‍വീസുകള്‍ കട്ടപ്പുറത്താവും

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പ്രാബല്യത്തിലായതോടെ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ ആശങ്കയില്‍. ഒരു സിംഗിള്‍ ഡ്യൂട്ടി ഷെഡ്യൂളുകള്‍ നടത്തുമ്പോള്‍ കുറഞ്ഞത് 8500 രൂപ വരുമാനം ഉറപ്പുവരുത്തണമെന്നാണ് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 2500 രൂപ വീതവും ഡീസല്‍ ചാര്‍ജ് ഇനത്തില്‍ 3200 രൂപയും ടയറിന്റെ തേയ്മാനത്തിനു 300 രൂപയും ഉള്‍പ്പെടെ 8500 രൂപ ഒരു ഷെഡ്യൂള്‍ ഓപറേറ്റ് ചെയ്യുമ്പോള്‍ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഇത്രയും വരുമാനം ഉറപ്പാക്കിയാല്‍ നഷ്ടം ഒഴിവാക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആര്‍ടിസി. സിംഗിള്‍ ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് 8500 രൂപയില്‍ താഴെ കലക്ഷനുണ്ടായിരുന്ന ഷെഡ്യൂളുകളുടെ വിവരങ്ങള്‍ മേഖലാ ഓഫിസ് ശേഖരിച്ചിട്ടുണ്ട്. സിംഗിള്‍ ഡ്യൂട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയ ശേഷവും വരുമാനം ഇതാണെങ്കില്‍ ഈ ഷെഡ്യൂളുകളുടെ ട്രിപ്പ് തിരിച്ചുള്ള കണക്കുകള്‍, ഈ റൂട്ടുകളിലെ മറ്റു പൊതുയാത്രാ സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 10ന് മേഖലാ ഓഫിസുകളില്‍ യൂനിറ്റ് ഓഫിസര്‍മാര്‍ നല്‍കണം. ഒക്ടോബറിനു ശേഷം മേഖലാ ഓഫിസിന്റെ അനുവാദത്തോടെ മാത്രം ഇത്തരം സര്‍വീസുകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ, മലയോര മേഖലകളില്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളില്‍ വരുമാനക്കുറവ് സര്‍വീസുകളെ പ്രതിസന്ധിയിലാക്കും. ഇത് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളിലും മറ്റു യാത്രാ ബസ്സുകളില്ലാത്ത ദേശസാല്‍കൃത റൂട്ടുകളിലും യാത്രക്കാരുടെ ലഭ്യത അനുസരിച്ച് സിംഗിള്‍ ഡ്യൂട്ടി ക്രമീകരിക്കണമെന്നും മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഒരു ദിവസം കെഎസ്ആര്‍ടിസി 5582 ഷെഡ്യൂളുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതില്‍ 629 ഷെഡ്യൂളുകള്‍ മാത്രമായിരുന്നു സിംഗിള്‍ ഡ്യൂട്ടി. ബാക്കിയുള്ളവയില്‍ 1967 എണ്ണം ഒന്നര ഡ്യൂട്ടിയും 2640 ഡബിള്‍ ഡ്യൂട്ടിയും 81 രണ്ടര ഡ്യൂട്ടിയും 216 മൂന്നു ഡ്യൂട്ടിയും 49 എണ്ണം മൂന്നു ഡ്യൂട്ടിക്ക് മുകളിലുമാണ്. ഒന്നിലധികം ഡ്യൂട്ടികള്‍ ജീവനക്കാര്‍ ഒരുമിച്ച് എടുക്കുന്നതുമൂലം വിശ്രമമില്ലാതെ പണിയെടുക്കുകയും അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതായും കൂടാതെ ജീവനക്കാര്‍ക്ക് ഡ്യൂട്ടി തികയ്ക്കാന്‍ വേണ്ടി വരുമാനമില്ലാതെ ട്രിപ്പുകള്‍ നടത്തുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മാസം ഒമ്പത് മുതല്‍ 3000ഓളം ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡ്യൂട്ടി 12 മണിക്കൂറില്‍ താഴെയാക്കി. ഇതിനുള്ളില്‍, ഏഴു മണിക്കൂറാണ് ബസ് ഓടിക്കേണ്ട സമയം. അതില്‍, അരമണിക്കൂര്‍ വീതം വിശ്രമത്തിനും ഡ്യൂട്ടി അനുബന്ധ ജോലികള്‍ക്കും കിട്ടും. ഓര്‍ഡിനറി ബസ്സുകള്‍ 160 കിലോമീറ്ററും ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ 200 കിലോമീറ്ററും സര്‍വീസ് നടത്തണം. ചെയിന്‍ സര്‍വീസുകള്‍ രണ്ടു സിംഗിള്‍ ഡ്യൂട്ടികളാക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്കു കൂടുതലുള്ള രാവിലെയും വൈകീട്ടും കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയും തിരക്കു കുറഞ്ഞ ഉച്ചസമയത്ത് ബസ്സുകള്‍ കുറച്ചുമാണ് പുതിയ ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിരിക്കുന്നത്. ഡ്യൂട്ടികള്‍ സിംഗിളാക്കിയതോടെ ജീവനക്കാര്‍ എല്ലാ ദിവസവും ജോലിക്ക് ഹാജരാവേണ്ടി വരും.

RELATED STORIES

Share it
Top