കെഎസ്ആര്‍ടിസി 773 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ദീര്‍ഘകാലമായി അവധിയിലിരിക്കുന്ന 773 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. സര്‍വീസില്‍ പ്രവേശിച്ച് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് നിയമവിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരുമായ 773 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
2018 മെയ് 31നകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ഈ ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പ്രസ്തുത തിയ്യതിക്കകം ജോലിയില്‍ തിരികെ പ്രവേശിക്കുകയോ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ചെയ്യാത്ത 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. അനധികൃതമായി ജോലിക്ക് ഹാജരാവാത്ത പലരും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പിന്നീട് സര്‍വീസില്‍ പ്രവേശിക്കുകയും ആനുകൂല്യങ്ങളും പെന്‍ഷനുമടക്കം കൈപ്പറ്റുകയും ചെയ്യുന്ന സാഹചര്യമുണ്ട്. നിലവില്‍ സര്‍വീസ് നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ട്.
അനധികൃതമായി പലരും വരാതിരിക്കുന്നത് സര്‍വീസ് നടത്തിപ്പിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ക്രമീകരിക്കാന്‍ സാധിക്കും. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലും അനധികൃതമായി ജോലിക്ക് ഹാജരാവാത്ത ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്.
ഒരു ബസ്സിന് എട്ടു ജീവനക്കാര്‍ വീതം. നിലവില്‍ ജോലിക്കു വരാത്ത ജീവനക്കാരെക്കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്. ജോലിക്കു വരാത്തവരെ ഒഴിവാക്കുന്നതിലൂടെ അനുപാതം കുറയ്ക്കാന്‍ കഴിയും. ജീവനക്കാരുടെ അനുപാതം കുറയ്ക്കണമെന്ന് കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച പ്രഫ. സുശീല്‍ ഖന്ന റിപോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു.

RELATED STORIES

Share it
Top