കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ബസ് ചാര്‍ജ് വര്‍ധനവിന് നീക്കം: എ എ ഷുക്കൂര്‍

ആലപ്പുഴ: ബസ് ചാര്‍ജ് വര്‍ധനവ് നടപ്പാക്കാന്‍ സ്വകാര്യ ബസുടമകളുടെ സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ പൊതുജന രോഷം മുന്നില്‍ കണ്ട് കുറുക്കുവഴിയായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി പ്രതിസന്ധിയെ ഉപയോഗിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ എംഎല്‍എ എഎഷുക്കൂര്‍ ആരോപിച്ചു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് ഒരു സാമ്പത്തിക സഹായവും നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്ന വിചിത്ര കാഴ്ചയാണ് കണ്ടത്. ജീവീത സായാഹ്നത്തില്‍ അവശതയുഭവിക്കുന്ന ആയിരക്കണക്കിന് പെന്‍ഷന്‍കാരോട് ചെയ്ത അനീതിയാണ്. കഴിഞ്ഞ 5 മാസമായി മരുന്ന് വാങ്ങാന്‍ പോലും വഴിയില്ലാതെ ക്ലേശിക്കുന്ന പാവപ്പെട്ട പെന്‍ഷന്‍കാരെ പുച്ഛിക്കുന്ന നടപടിയാണ് ധനവകുപ്പില്‍ നിന്നും നേരിടുന്നത്. കേരളത്തിന്റെ ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് മുച്ചീട്ടു കളിക്കാരന്റെ വേഷം ആടിതിമിര്‍ക്കുകയാണ്. പെന്‍ഷന്‍ നേരിട്ടു നല്‍കുന്നതിന് സര്‍ക്കാരിന് ബാധ്യതയില്ലെങ്കിലും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ സര്‍വീസ് റൂള്‍പ്രകാരം പെന്‍ഷന്‍ നല്‍കുന്ന കെഎസ്ആര്‍ടിസിയെ പ്രതിസന്ധി ഘട്ടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ 50 ശതമാനം ബാധ്യത  ഏറ്റെടുത്തു സഹായിക്കുകയായിരുന്നു. എന്നാല്‍ എല്ലാം ശരിയാക്കാന്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരത്തിലാണ് ശരിയാക്കും എന്ന് ഉദ്ദേശിച്ചിരുന്നതെന്ന് പാവപ്പെട്ട കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇപ്പോഴാണ് വ്യക്തമായതെന്നും ഷുക്കൂര്‍ പരിഹസിച്ചു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ മുഴുവനും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എഫ്‌സിഐയില്‍ പണമടക്കാന്‍ കഴിയാത്തതിനാല്‍ റേഷനും മുടങ്ങുന്ന അവസ്ഥ അങ്ങനെ കേരളത്തിന്റെ സമസ്ഥ മേഖലയിലും തകര്‍ന്നടിഞ്ഞ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് ഷുക്കൂര്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top