കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കല്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികളും നാട്ടുകാരും എടി ഓഫിസിലെത്തി

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിയിലെ വനാന്തരഗ്രാമമായ ചേകാടിയിലേക്കുള്ള കെഎസ്ആര്‍ടിസി യുടെ വൈകുന്നേരത്തെ സര്‍വീസുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും സുല്‍ത്താന്‍ ബത്തേരി ഡിപ്പോ എറ്റിഒ ഓഫിസില്‍ കുത്തിയിരിപ്പുസമരം നടത്തി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വൈകന്നേരം രണ്ട് ട്രിപ്പുകള്‍ താല്‍ക്കാലികമായി പുനരാരംഭിക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി ബത്തേരി ഡിപ്പോയില്‍ നിന്നും പുല്‍പ്പള്ളിയിലെ വനാന്തരഗ്രാമമായ ചേകാടിയിലേക്ക് വൈകുന്നേരങ്ങളില്‍ നടത്തിവന്നിരുന്ന രണ്ട് സര്‍വ്വീസുകളാണ് വരുമാനം കുറവിന്റെ പേര്്പറഞ്ഞ് നിര്‍ത്തലാക്കിയത്.
ഇക്കഴിഞ്ഞ എട്ടാംതീയ്യതിമുതലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്. ഇതോടെ ചേകാടിയില്‍ നിന്നും പുല്‍പ്പള്ളിയിലെ സ്‌കൂളുകളില്‍ എത്തേണ്ട 100-ാളം വിദ്യാര്‍ത്ഥികളുടെ പഠനം അനശ്ചിതത്വത്തിലായി.
ഇതില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും ഗോത്രവര്‍ഗ്ഗവിഭാഗത്തില്‍പെടുന്നവരുമാണ്. വൈകിട്ട് 4.05നും 5.30നും ചേകാടിയിലേക്കുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
സര്‍വ്വീസുകള്‍ നിലച്ചതോടെ വന്‍തുക വാടകനല്‍കി ഓട്ടോറിക്ഷയും ടാക്‌സിയും വിളിച്ച് സ്‌കൂളില്‍പോയി തിരികെവരേണ്ട അവസ്ഥയായി. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപെട്ട് പ്രദേശവാസികളും വിദ്യാര്‍ത്ഥികളും എടിഒ ഓഫിസിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചത്.
തുടര്‍ന്ന സോണല്‍ ഓഫിസറുമായി ബന്ധപെട്ട് നടത്തിയ ചര്‍ച്ചയില്‍ ഉച്ചയ്ക്കുശേഷമുള്ള ഷെഡ്യൂളില്‍ വൈകുന്നേരത്തെ ട്രിപ്പുകള്‍ താല്‍ക്കാലികമായി തുടരാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം 12.30 യോടെ അവസാനിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top