കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ദേശം

എച്ച്  സുധീര്‍
പത്തനംതിട്ട: ചെലവിന് ആനുപാതികമായി വരവ് ലഭിക്കാത്ത സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ദേശം.  ഡീസല്‍ ഉപയോഗത്തിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണ് എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദേശം.
ഇക്കാര്യം വ്യക്തമാക്കിയുള്ള സര്‍ക്കുലര്‍ എല്ലാ യൂനിറ്റ്, മേഖലാ ഓഫിസര്‍മാര്‍ക്കും കൈമാറി. പ്രതിദിന ഡീസല്‍ ഉപയോഗത്തില്‍ 10 ശതമാനം കുറവ് വരുത്തണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം പാലിക്കണമെങ്കില്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നതാണ് വസ്തുത. കെഎസ്ആര്‍ടിസിയും കെയുഎസ്ആര്‍ടിസിയും കൂടി സംസ്ഥാനത്ത് പ്രതിദിനം ശരാശരി 5320 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇത്രയും സര്‍വീസുകളിലൂടെ ആകെ 17,94,000 കിലോമീറ്ററാണ് ബസ്സുകള്‍ ഓടുന്നത്. ഇത്രയും ദൂരം താണ്ടുന്നതിന് 4,40,000 ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ വിലപ്രകാരം ഇത്രയും ഡീസല്‍ വാങ്ങി ഉപയോഗിക്കുന്നതിന് 3.1 കോടി രൂപയാണ് ചെലവാകുന്നത്. എന്നാല്‍, കോര്‍പറേഷന്റെ പ്രതിദിന വരുമാനം 6.2 കോടി രൂപ മാത്രമാണ്. വരുമാനത്തിന്റെ 50 ശതമാനം തുകയും ഡീസലിനു മാത്രമായി വിനിയോഗിക്കേണ്ടി വരുന്നു. ഈ സ്ഥിതിവിശേഷം തികച്ചും ആശങ്കാജനകമാണെന്ന് എംഡി ചൂണ്ടിക്കാട്ടുന്നു.
വരുമാനത്തിന്റെ 50 ശതമാനം ഇന്ധനത്തിനായി ഉപയോഗിക്കേണ്ടി വരുന്നതുമൂലം ദൈനംദിനം ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് കോര്‍പറേഷന്റെ വാദം. ഡീസല്‍ ഉപയോഗം ക്രിയാത്മകമായി നിയന്ത്രിച്ച് ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇതിനായി എല്ലാ യൂനിറ്റ് ഓഫിസര്‍മാരും നിലവിലെ പ്രതിദിന ഡീസല്‍ ഉപയോഗത്തില്‍ 10 ശതമാനം കുറവ് വരുത്തണമെന്നാണ് എംഡി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവാത്ത വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിച്ച് ഈ ലക്ഷ്യം കൈവരിക്കണമെന്നും യൂനിറ്റ് ഓഫിസര്‍മാരും മേഖലാ ഓഫിസര്‍മാരും ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ പുലര്‍ത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഈ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാവുക എംപാനല്‍ ജീവനക്കാര്‍ക്കാണ്.
സ്ഥിരം ജീവനക്കാരായ കണ്ടക്ടറും ഡ്രൈവറും ജോലിക്ക് വരാത്ത ദിവസങ്ങളിലാണ് ഇവര്‍ക്ക് ഡ്യൂട്ടി ലഭിക്കുക. അതിനിടെ, സര്‍വീസുകള്‍ കൂടി വെട്ടിക്കുറയ്ക്കുന്നതോടെ ഇവരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുമെന്നതില്‍ സംശയമില്ല.

RELATED STORIES

Share it
Top