കെഎസ്ആര്‍ടിസി വിഭജനം ഇന്ന് പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി

കോഴിക്കോട്/പത്തനംതിട്ട: സുശീല്‍ഖന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയെ മൂന്നായി വിഭജിക്കുന്നത് ഇന്നു പ്രാബല്യത്തില്‍ വരുമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയില്‍ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരങ്ങളില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അതു പരിശോധിക്കും. ജീവനക്കാരുടെ പ്രതിഷേധത്തെ അവഗണിക്കുന്ന സമീപനമല്ല സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു മേഖലകളായി തിരിച്ച് ഇന്നലെ ഉത്തരവിറങ്ങി. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള സൗത്ത് സോണില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടും. എറണാകുളം കേന്ദ്രമാക്കിയുള്ള സെന്‍ട്രല്‍ സോണില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടും. കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് സോണില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടും. നിലവിലുള്ള അഞ്ച് സോണുകളില്‍ കൊല്ലം, തൃശൂര്‍ സോണുകള്‍ ഒഴികെയുള്ള മറ്റു സോണുകള്‍ പുതിയ മേഖലാ ഓഫിസുകളില്‍ നിലനിര്‍ത്തി. ഇതിന്റെ ചുമതലയുണ്ടായിരുന്ന ഓഫിസര്‍മാര്‍ ഇനി മുതല്‍ സോണല്‍ ട്രാഫിക് ഓഫിസര്‍മാര്‍ എന്നറിയപ്പെടും. എക്‌സിക്യൂട്ടീവ് ഡയറക്ടമാരുടെ കീഴിലാവും ഇവരുടെ സേവനം. കൊല്ലം ചീഫ് ട്രാഫിക് ഓഫിസറായിരുന്ന ജി ബാലമുരളിയെ സ്ഥലംമാറ്റി തിരുവനന്തപുരം സോണല്‍ ട്രാഫിക് ഓഫിസറായി നിയമിച്ചു. തിരുവനന്തപുരം സോണ്‍ ഡിടിഒ ആയിരുന്ന സി ഉദയകുമാറിനെ ചീഫ് ഓഫിസില്‍ ചീഫ് ട്രാഫിക് ഓഫിസര്‍ ഇന്‍ ചാര്‍ജായി സ്ഥലംമാറ്റി നിയമിച്ചു. ഭരണനിര്‍വഹണത്തില്‍ സഹായിക്കാനായി ചീഫ് ഓഫീസിലെ പെഴ്‌സണല്‍ ഓഫിസര്‍മാരായിരുന്ന കെ പി രാജീവന്‍, ഒ രാജേശ്വരി അമ്മ, എസ് ഗീതാകുമാരി എന്നിവരെ യഥാക്രമം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലയിലേക്ക് നിയമിച്ചു.

RELATED STORIES

Share it
Top