കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പിലെത്തിയ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം

എടപ്പാള്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെതിരെ തദ്ദേശ മന്ത്രി കെ ടി ജലീലിനും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജീവനക്കാരുടെ മുദ്രാവാക്യം. ഇന്നലെ ഉച്ചയോടെ കെഎസ്ആര്‍ടിസിയുടെ എടപ്പാള്‍ റീജ്യനല്‍ വല്‍ക്ക് ഷോപ്പിലെത്തിയ മന്ത്രിക്കെതിരെയാണ് ഒരു വിഭാഗം ജീവനക്കാര്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി നിശ്ചയിച്ച പരിപാടി അവിടെ നിന്നും കുറ്റിപ്പുറം കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റി. വര്‍ക് ഷോപ്പിനോടനുബന്ധിച്ചുള്ള കോര്‍പറേഷന്റെ കൈവശത്തിലുള്ള സ്ഥലത്ത് ഒരു പൊതു ശ്മശാനവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള യൂനിറ്റും ആരംഭിക്കുന്നതിനെക്കുറിച്ചാലോചിക്കാനും അതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാനുമായിരുന്നു മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും വര്‍ക് ഷോപ്പിലെത്തിയത്.
എന്നാല്‍ മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും വാഹനങ്ങള്‍ വര്‍ക്് ഷോപ്പിനകത്തേക്ക് കയറിയുടന്‍ കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാതിരുന്ന ജീവനക്കാര്‍ മുദ്രാവാക്യമുയര്‍ത്തിമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെയാണ് മന്ത്രി ഉദ്യോഗസ്ഥരേയും വര്‍ക്‌സ് മാനേജരേയും കൂട്ടി കുറ്റിപ്പുറത്തെ കെടിസിസി ഹോട്ടലിലേക്ക് ചര്‍ച്ച മാറ്റിയത്. ചര്‍ച്ചയില്‍ ശ്മശാനത്തിനും പ്ലാസ്ാറ്റിക് സംസ്‌കരണ പ്ലാന്റിനും വേണ്ടി ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനോട് ആവശ്യപ്പെടാനും ഇതിനായുള്ള വകുപ്പുതല നടപടികള്‍ ആരംഭിക്കാനും തീരുമാനമായി.
അതേസമയം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ആരാധനാലയങ്ങള്‍ ഒട്ടേറെ സ്ഥിതി ചെയ്യുന്നതുമായ വര്‍ക് ഷോപ്പ് പരിസരത്ത് ശ്മശാനവും സംസ്‌കരണ പ്ലാന്റും സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്ത് വന്നിട്ടുണ്ട്.

RELATED STORIES

Share it
Top