കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തെറ്റിധാരണ പരത്തുന്നുവെന്ന്കൊച്ചി: കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയാലാണെന്നും ഇതിന് കാരണം ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടിനല്‍കുന്നതുമാണെന്നും ചൂണ്ടികാട്ടി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തെറ്റിധാരണ പരത്തുകയാണെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സുശീല്‍ ഖന്ന റിപോര്‍ട്ടെന്ന പേരില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി അശാസ്ത്രീയമായി പരിഷ്‌കരിച്ചിരിക്കയാണ്. ഈ നീക്കംകൊണ്ട് ജീവനക്കാരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കാനല്ലാതെ കോര്‍പറേഷന് യാതൊരു സാമ്പത്തിക ലാഭവും ഉണ്ടായിട്ടില്ല. ജീവനക്കാരെ ബലിയാടാക്കി മിഡില്‍ മാനേജ്‌മെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത് വഴി അവര്‍ നടത്തുന്ന ധൂര്‍ത്തും പാഴ്‌ചെലവുകളും കണ്ടില്ലെന്ന് നടിക്കുകയാണ് മാനേജ്‌മെന്റ്. 14 ജില്ലക്ക് 28 ജില്ലാ അധികാരികളെ നിയോഗിച്ചിരിക്കുന്നത് വെട്ടിക്കുറച്ച് 14 ആക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. അംഗീകൃത ട്രേഡ്‌യൂനിയന്‍ നേതാക്കളെല്ലാം മിഡില്‍ മാനേജ്‌മെന്റ് ആണെന്നതിനാലാണ് ഇവരുടെ എണ്ണം വെട്ടിക്കുറക്കാത്തതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഓരോ മാസവും ശരാശരി— 210 കോടി രൂപ വരുമാനമുള്ള കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ചെലവും ശമ്പളവും മറ്റും കഴിച്ച് പ്രതിമാസം 20 കോടി രൂപ ലാഭത്തിലാണെന്നിരിക്കെയാണ് തെറ്റായ കണക്കുകള്‍ മാനേജ്‌മെന്റ് പ്രചരിപ്പിക്കുന്നത്. വരുമാനം മുഴുവന്‍ ലോണടച്ച് തീര്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  കാലങ്ങളായി പതിനാറേമുക്കാല്‍ ശതമാനം പലിശക്ക് വായ്പയെടുത്ത് കമ്മീഷന്‍ കൈപ്പറ്റി ഈ പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരേ ശക്തമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം. കെഎസ്ആര്‍ടിസിക്ക് മാത്രം ലോണ്‍ നല്‍കുന്ന കെടിഡിഎഫ്‌സി വന്‍ ലാഭത്തിലുമാണ്. 2014ല്‍ ഒരു ഫ്രഞ്ച് കമ്പനി മൂന്ന് ശതമാനം പലിശക്ക് 2000 കോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും മറ്റുള്ള തൊഴിലാളി യൂനിയനുകള്‍ എതിര്‍ക്കുകയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മൗനം പാലിക്കുകയുമാണ് ചെയ്തത്. ഈ രീതിയിലുള്ള അഴിമതിക്കെതിരേ വെല്‍ഫെയര്‍ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിന് ഇത്‌വരെ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഇനിയും അധികൃതരുട ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ലെങ്കില്‍ വിജിലന്‍സ് കോടതിയില്‍ നേരിട്ട് പരാതി നല്‍കുമെന്നും  ഇവര്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് വി വി ഹരിദാസ്, സെക്രട്ടറി കെ ജെ സബാസ്റ്റിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top