കെഎസ്ആര്‍ടിസി: മലബാര്‍ ഭാഗത്തെ നിയന്ത്രണം കോഴിക്കോട്ടുനിന്നു തന്നെ

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ മലബാര്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ കോഴിക്കോട് നിന്ന് തന്നെയാകും. കെഎസ്ആര്‍ടിസിയെ മൂന്നു ലാഭ കേന്ദ്രങ്ങാക്കി തിരിച്ചതിന്റെ ഭാഗമായി നോര്‍ത്ത് സോണിന്റെ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്. ഉത്തരമേഖലാ ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
കെഎസ്ആര്‍ടിസി കോംപ്ലക്‌സിന്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉത്തരമേഖലക്ക് കീഴില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണുള്ളത്. മൂന്നു സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത് നോര്‍ത്ത്‌സോണിന് കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലുണ്ട്. കെഎസ്.ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്ന് സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീല്‍ഖന്ന കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ്  സര്‍ക്കാര്‍ കെഎസ്ആര്‍ടി.സിയെ മൂന്നായി തിരിച്ചത്. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നു മേഖലകളാകുന്നതോടെ സോണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും സോണുകളുടെ പൂര്‍ണ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികയും ഇനി ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യസ്ഥാനത്തെ സംബന്ധിച്ച് സോണല്‍ ഓഫീസര്‍ ഓരോ യൂണിറ്റിനും നിര്‍ദ്ദേശം നല്‍കണം. ജീവനക്കാരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരവും ഓരോ സോണിന്റെയും ചുമതലക്കാരനായിരിക്കും.
അച്ചടക്ക നടപടികള്‍, അതാതു യൂണിറ്റുകളിലെ പരിശോധന തുടങ്ങിയവയുടെ ഉത്തരവാദിത്തം സോണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും .മേല്‍നോട്ട സ്ഥാനം വഹിക്കുന്നവര്‍ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹികളാകരുതെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടറായ സി ഡി രാജേന്ദ്രനാണ് നോര്‍ത്ത് സോണിന്റെ ചുമതല വഹിക്കുന്ന സോണല്‍ ഓഫീസര്‍. നിലവിലെ സോണല്‍ ഓഫീസര്‍ ജോഷി ജോണ്‍ ചീഫ് ട്രാഫിക് ഓഫീസറാവും. മുന്‍ സോണല്‍ ഓഫീസര്‍ എ സഫറുല്ലയാണ് മെക്കാനിക്കല്‍ വിഭാഗം ചീഫ് ഓഫീസര്‍. രാജീവ് ഭരണവിഭാഗം ചീഫ് ഓഫീസറുമാണ്.

RELATED STORIES

Share it
Top