കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു;മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. ഡ്രൈവറായ മലപ്പുറം വള്ളുമ്പ്രം സ്വദേശി അബൂബക്കറിനാണ് (43) മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എലപ്പുളളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ്‌കുമാര്‍ എന്നിവരെയാണ് ഹേമാംബികനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ മൂക്കിന് ക്ഷതമേറ്റിട്ടുണ്ട്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബൂബക്കറിനെ വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
ബസ് പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കു പോകുമ്പോള്‍ പന്നിയംപാടത്തുവച്ചാണ് ആക്രമണമുണ്ടായത്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മൂന്നംഗസംഘം വാഹനം ബസിനു കുറുകെ നിര്‍ത്തിയിട്ട് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.

RELATED STORIES

Share it
Top