കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചു; മൂന്നുപേര്‍ക്കെതിരേ കേസ്

പാലക്കാട്: മുണ്ടൂരില്‍ മദ്യപിച്ചെത്തിയ മൂന്നംഗസംഘംകെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞുനിര്‍ത്തി  ഡൈവറെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പന്നിയംപാടത്താണ് സംഭവം. പാലക്കാട് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഡൈവര്‍ മലപ്പുറം വള്ളുവമ്പുറം സ്വദേശി ചെമ്പേക്കാട് അബൂബക്കറിനെയാണ് സംഘം ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ എലപ്പുള്ളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ്‌കുമാര്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു.
മുട്ടിക്കുളങ്ങരയില്‍ നിന്ന് എതിരേ വന്ന ടിപ്പര്‍ ലോറിയില്‍ നിന്നുയര്‍ന്ന പുക കാരണം ബസ് അല്‍പസമയം നിര്‍ത്തിയിരുന്നു. ഇതിനിടെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ടാറ്റാ സുമോയില്‍ പോയിരുന്ന വിവാഹസംഘത്തിന് കടന്നുപോവാന്‍ കഴിയാത്തവിധം ബസ് മുന്നോട്ടെടുത്തുവെന്നാരോപിച്ചാണ് ബസ്സിനെ വട്ടമിട്ട് തടഞ്ഞത്. തുടര്‍ന്ന് മൂന്നംഗസംഘം ബസ്സില്‍ കയറി ഡൈവറെ മര്‍ദിക്കുകയായിരുന്നു. മൂക്കിന് ക്ഷതമേറ്റ ഡൈവറെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് അബൂബക്കര്‍ പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു മര്‍ദനമേറ്റപ്പോള്‍ യാത്രക്കാര്‍ ആരും പ്രതികരിച്ചില്ലെങ്കിലും യാത്രക്കാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

RELATED STORIES

Share it
Top