കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി യുവാവിന് പരിക്ക്

കാക്കനാട്: തൃക്കാക്കരയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനറി കടയിലേക്ക് പാഞ്ഞുകയറി. കട ഉടമ മഞ്ജു പ്രവീണ്‍ (36)ന് ഗുരുതര പരിക്കുപറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
തൃപ്പൂണിത്തുറ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കട പൂര്‍ണമായി തകര്‍ത്ത് ബസ് സമീപത്തെ പോസ്റ്റാഫിസില്‍ ഇടിച്ചാണ് നിന്നത്. തൃക്കാക്കര നഗര സഭയ്ക്ക് മുന്നിലായിരുന്നു അപകടം. ബസ്സിനടിയില്‍പെട്ട മഞ്ജുവിനെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
നഗരസഭയിലേക്കും പോസ്റ്റ് ഓഫിസിലേക്കും നിരവധി ആളുകള്‍ വന്നുപോവുന്ന സ്ഥലത്താണ് അപകടം. ഈ കടയോട് ചേര്‍ന്ന് അപേക്ഷകള്‍ തയ്യാറാക്കുന്നിടത്ത് സാധാരണ ആള്‍ തിരക്കുണ്ടാവാറുണ്ട്. ഭാഗ്യംകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ബസ്സില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണം. മഞ്ജു ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
തൃക്കാക്കര എസ്‌ഐ എ എന്‍ ഷാജുവും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് സമീപത്തെ കെബിപിഎസ് വക സ്ഥലത്തേക്ക് മാറ്റി.

RELATED STORIES

Share it
Top