കെഎസ്ആര്‍ടിസി: പെന്‍ഷന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം മുടങ്ങി അഞ്ചുമാസമായിട്ടും നല്‍കാന്‍ നടപടിയില്ലാത്തതിനെതിരേ വ്യാപകപ്രതിഷേധം. പ്രതിപക്ഷവും തൊഴിലാളി യൂനിയനുകളും സര്‍ക്കാരിനെതിരേ രംഗത്തുവന്നു. പെന്‍ഷന്‍ നിലച്ചതോടെ കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ച 38000ലേറെ ആളുകളുടെ അവസ്ഥ അതീവ ഗുരുതരവും പരിതാപകരവുമാണ്. ഇതിലേറെയും പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ്. കുടിശ്ശിക ഉള്‍പ്പെടെ വിരമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും കൃത്യമായി പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുമെന്ന് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് നല്‍കിയ ഉറപ്പ് നിലനില്‍ക്കെയാണ് ദാരുണമായ സ്ഥിതിയെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ മുടങ്ങിയതിനെതിരേ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡഫേഷനും രംഗത്തുവന്നിരുന്നു. പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണെന്നും തന്റെ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷനു വേണ്ടിയാരും സമരം ചെയ്യേണ്ടിവരില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി തൊഴിലാളികളേയും പെന്‍ഷന്‍കാരേയും വഞ്ചിച്ചുവെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി പറഞ്ഞു. അതേസമയം, ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കി കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തണമെന്ന് പറഞ്ഞാല്‍ അതിന് അധികകാലം നിലനില്‍പ്പുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അതിനുള്ള ധനസ്ഥിതിയും സംസ്ഥാനത്തിനില്ല. കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളവും പെന്‍ഷനും നല്‍കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സുശീല്‍ഖന്ന റിപോര്‍ട്ടിലുണ്ട്. ഇതു നടപ്പിലാക്കാന്‍ രണ്ടുകൊല്ലമെടുക്കും. അതുവരെയുള്ള വിടവ് നികത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പെന്‍ഷന്‍ കുടിശ്ശികയുടെ ഒരുഭാഗമെങ്കിലും നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്. ക്രിസ്മസിന് മുമ്പ് ഇതു വിതരണം ചെയ്യാന്‍ കഴിയും. എന്നാല്‍, സ്ഥായിയായ പരിഹാരത്തിന് സുശീല്‍ഖന്ന പാക്കേജ് പൂര്‍ണമായും സമയബന്ധിതമായും നടപ്പാക്കുന്നതിന് യൂനിയനുകളും പെന്‍ഷന്‍ സംഘടനകളും സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിക്കുന്നു.

RELATED STORIES

Share it
Top