കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചുതിരുവനന്തപുരം: ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദുചെയ്യണമെന്നും അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അര്‍ധരാത്രി മുതല്‍ നടത്താന്‍ തീരുമാനിച്ച കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.ഗതാഗതമന്ത്രി തോമസ് ചാണ്ടി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവച്ചത്. ശമ്പളം കൃത്യമായി എല്ലാ മാസവും മുടങ്ങാതെ ഒന്നാം തിയ്യതി തന്നെ നല്‍കുമെന്നും പെന്‍ഷന്‍ കുടിശ്ശിക ഉള്‍െപ്പടെയുള്ള വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍ സംബന്ധിച്ച് ജൂലൈ ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തി ഇതുസംബന്ധിച്ച അപാകതകള്‍ പരിഹരിക്കാമെന്നും ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടി റദ്ദുചെയ്യാമെന്നും ഗതാഗതമന്ത്രി തോമസ് ചാണ്ടി ടിഡിഎഫ് പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ടിഡിഎഫിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, ആര്‍ ശശിധരന്‍, അയ്യപ്പന്‍, സണ്ണി തോമസ് എന്നിവരും ഗതാഗതവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top